'ട്രാക്കര്‍ റെഡി, മോഷണം പോയ കിറ്റ്കാറ്റ് കണ്ടെത്താന്‍ സഹായിക്കണം'; പുതിയ പോസ്റ്റുമായി കിറ്റ്കാറ്റ്

ഒരു ലോഡ് കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ ട്രക്ക് ഉള്‍പ്പെടെ മോഷ്ടിക്കപ്പെട്ടത് കൗതുകമേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു

Update: 2026-04-01 14:35 GMT

12 ടണ്‍ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇറ്റലിയിലെ ഫാക്ടറിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് വഴിമധ്യേ കാണാതായതെന്ന് കിറ്റ്കാറ്റ് അറിയിച്ചിരുന്നു. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വാഹനവും അതിലെ കിറ്റ്കാറ്റ് ബാറുകളും കണ്ടെത്താനായിട്ടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കിയത്.

പണവും മറ്റ് മൂല്യമേറിയ വസ്തുക്കളുമൊക്കെ മോഷ്ടിക്കപ്പെടുന്നത് സംഭവിക്കാറുള്ള കാര്യമാണെങ്കിലും ഒരു ലോഡ് ചോക്ലേറ്റ് ബാറുകള്‍ ട്രക്ക് ഉള്‍പ്പെടെ മോഷ്ടിക്കപ്പെട്ടത് കൗതുകമേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കേരളാ ടൂറിസം, കെഎഫ്‌സി, ഡൊമിനോസ് തുടങ്ങിയ നിരവധി പേര്‍ കിറ്റ്കാറ്റിന്റെ പോസ്റ്റിനോട് സരസമായി പ്രതികരിച്ച് പോസ്റ്റിട്ടു. ബ്രേക്ക് എടുക്കണമെങ്കില്‍ കിറ്റ്കാറ്റ് കഴിക്കണമെന്നില്ല, കേരളത്തിലേക്ക് പോരൂ എന്ന രീതിയിലായിരുന്നു കേരള ടൂറിസത്തിന്റെ പോസ്റ്റ്. പല പ്രമുഖ സ്ഥാപനങ്ങളും പോസ്റ്റിട്ടതോടെ കിറ്റ്കാറ്റ് മോഷണം ആഗോളതലത്തില്‍ ശ്രദ്ധേയമായി.

Advertising
Advertising

മോഷണം പോയ കിറ്റ്കാറ്റ് കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പുതിയ പോസ്റ്റിട്ടിരിക്കുകയാണ് ഇവര്‍. കിറ്റ്കാറ്റ് മോഷണം പോയ സംഭവം ശ്രദ്ധിച്ചവര്‍ക്ക് നന്ദി പറയുന്നുമുണ്ട്. മോഷണ സംഭവം വ്യാജമായുണ്ടാക്കിയതോ ഏപ്രില്‍ ഫൂളോ അല്ലായെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. മോഷ്ടിച്ചുകൊണ്ടുപോയ 12 ടണ്‍ കിറ്റ്കാറ്റ് എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ ഞങ്ങളുടെ 'കിറ്റ്കാറ്റ് ട്രാക്കറി'ലൂടെ നിങ്ങളുടെ കയ്യിലുള്ള കിറ്റ്കാറ്റ് മോഷ്ടിക്കപ്പെട്ടതില്‍ ഉള്‍പ്പെട്ടതാണോയെന്ന് പരിശോധിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. കിറ്റ്കാറ്റിന്റെ വെബ്‌സൈറ്റില്‍ ഇതിനായുള്ള പ്രത്യേക പേജും നല്‍കിയിട്ടുണ്ട്. 'സ്റ്റോളന്‍ കിറ്റ്കാറ്റ് ട്രാക്കര്‍' എന്ന പേരിലാണ് ഇത്. നിങ്ങളുടെ കിറ്റ്കാറ്റിന്റെ ബാച്ച് കോഡ് അടിച്ചുകൊടുത്ത് അത് മോഷ്ടിക്കപ്പെട്ട കൂട്ടത്തിലുള്ളതാണോയെന്ന് അറിയാമെന്നാണ് കമ്പനി പറയുന്നത്. 


സംഭവിച്ച നഷ്ടത്തെ തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രചാരണത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ് കിറ്റ്കാറ്റ് എന്നും ഇത് രസകരമായ രീതിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മോഷ്ടിക്കപ്പെട്ട ട്രക്കിനെ കുറിച്ചും ചോക്ലേറ്റിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. നെസ്ലെയും അവരുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റ് ബാറുകള്‍ കരിഞ്ചന്തയിലൂടെ വില്‍ക്കാനാകും മോഷ്ടാക്കള്‍ ശ്രമിക്കുകയെന്ന് നെസ്ലെ കമ്പനി അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള വിപണികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മോഷണം പോയ കിറ്റ്കാറ്റുകള്‍ വില്‍പന കേന്ദ്രങ്ങളില്‍ എത്തിയാല്‍, അത് കണ്ടെത്താനാകുമെന്ന പ്രതീക്ഷയും നെസ്ലെ പങ്കുവെച്ചു. പോളണ്ടിലേക്ക് അയച്ച കിറ്റ്കാറ്റുകളിലെ പ്രത്യേക ബാച്ച് കോഡുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ശ്രമം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News