ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം

അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളിൽത്തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാം

Update: 2026-03-30 08:16 GMT

ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്‌ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

2025 ആഗസ്റ്റിൽ ആരംഭിച്ചത് മുതൽ 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫസ്റ്റാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏപ്രിൽ ഒന്നിന് മുമ്പായി പാസ് എടുക്കുന്നവർക്ക് പഴയ നിരക്കായ 3,000 രൂപയ്ക്ക് തന്നെ ഇത് സ്വന്തമാക്കാവുന്നതാണ്. അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളിൽത്തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാം.

Advertising
Advertising

ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ രാജ്മാർഗ് യാത്ര മൊബൈൽ ആപ്പ് വഴിയോ വളരെ എളുപ്പത്തിൽ ഈ പാസ് വാങ്ങാവുന്നതാണ്. ആപ്പിൽ ലോഗിൻ ചെയ്ത ശേഷം വാഹനത്തിന്റെ വിവരങ്ങൾ നൽകി ഓൺലൈനായി പണമടച്ചാൽ പാസ് ആക്റ്റീവ് ആകും. ഓരോ തവണയും ടോൾ പ്ലാസകളിൽ പണമടയ്ക്കുന്നതിനോ ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ വാർഷിക പാസ് സഹായിക്കുന്നു.

ഒരു വർഷം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ ടോൾ കടക്കാനാകും. പതിവ് യാത്രക്കാർക്ക് ടോൾ നിരക്കിൽ 80 ശതമാനം വരെ ലാഭം നേടാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഇന്ധനവും സമയവും ലാഭിക്കാനും ഇതിലൂടെ കഴിയും. രാജ്യത്തുടനീളമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഈ വാർഷിക പാസ് ഉപയോഗിച്ച് തടസ്സമില്ലാതെ യാത്ര ചെയ്യാം. ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ച് നിരക്കുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, പണമടയ്ക്കുന്നതിന് മുൻപ് ബാങ്ക് അല്ലെങ്കിൽ ഫസ്റ്റാഗ് സൈറ്റുകളിലെ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - തമീം സിപി

Web Journalist

Similar News