പശ്ചിമേഷ്യയിലെ യുദ്ധം മുട്ടവില ഇടിച്ചു; നാമക്കലിലെ കര്‍ഷകര്‍ക്ക് ദിവസവും ഏഴ് കോടി നഷ്ടം

യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ വന്‍തോതില്‍ കുറഞ്ഞിരുന്നു

Update: 2026-03-26 12:42 GMT

ചെന്നൈ: പശ്ചിമേഷ്യയിലെ യുദ്ധം 'ഇന്ത്യയുടെ മുട്ടദേശം' എന്നറിയപ്പെടുന്ന തമിഴ്‌നാട് നാമക്കലിലെ മുട്ടക്കോഴി ഉല്‍പാദകരായ കര്‍ഷകര്‍ക്കുണ്ടാക്കിയത് കോടികളുടെ നഷ്ടം. യുദ്ധം കാരണം കയറ്റുമതി നിലച്ചതോടെ മുട്ടയുടെ സംഭരണവില വീണ്ടും ഇടിഞ്ഞു. 40 പൈസ ഇടിവില്‍ 4.05 രൂപയാണ് നിലവിലെ സംഭരണവില. പ്രതിദിനം ഏഴ് കോടി മുട്ട നാമക്കലില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഉല്‍പ്പാദന ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ദിവസവും ഏഴ് കോടി രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം.

യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ വന്‍തോതില്‍ കുറഞ്ഞിരുന്നു. ആഭ്യന്തര വിപണിയില്‍ ഇതിനനുസൃതമായി അവശ്യകത ഉയര്‍ന്നതുമില്ല. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. സാഹചര്യം മറികടക്കുന്നതിനായി മുട്ടയുടെ സംഭരണവില കുറക്കാന്‍ മുട്ടയുടെ വില നിര്‍ണയ കര്‍ഷക കൂട്ടായ്മയായ നേഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി (NECC) സംഭരണ വില കുറക്കുകയായിരുന്നു. കമ്മിറ്റിയുടെ ആസ്ഥാനം നാമക്കലാണ്. 4.45 രൂപയായിരുന്ന സംഭരണ വില ആദ്യം 4.20 രൂപയായും പിന്നീട് 4.05 രൂപയായുമാണ് കുറച്ചത്.

നാമക്കലില്‍നിന്ന് യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രതിദിനം 80 ലക്ഷം മുട്ട കയറ്റി അയച്ചിരുന്നു. യുദ്ധസാഹചര്യത്തില്‍ ഇത് നിലച്ചിരിക്കുകയാണ്. ഏതാണ്ട് എഴുന്നൂറോളം ഫാമുകള്‍ നാമക്കല്‍ ജില്ലയില്‍ മാത്രമുണ്ടെന്നാണ് കണക്ക്. സാഹചര്യം ഉടന്‍ മെച്ചപ്പെട്ടില്ലെങ്കില്‍ വന്‍ പ്രതിസന്ധിയിലേക്ക് തങ്ങള്‍ പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News