യുദ്ധഭീതി ഒഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ കുതിപ്പ്
യുദ്ധ സാഹചര്യത്തില്‍ ലക്ഷത്തിന് താഴേക്ക് പോയ സ്വര്‍ണവിലയില്‍ രണ്ട് ദിവസമായി കുതിപ്പ്
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 345 രൂപയും പവന് 2760 രൂപയും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,560 രൂപയാണ്. ഗ്രാമിന് 13,445 രൂപയുമാണ്.
യുദ്ധത്തിന്റെ സാഹചര്യത്തില്‍ ലക്ഷത്തിന് താഴേക്ക് പോയ സ്വര്‍ണം രണ്ട് ദിവസം കൊണ്ടാണ് തിരിച്ചുകയറിയത്. മാര്‍ച്ച് 23ന് 99,480 എന്ന നിലയിലേക്ക് പവന്‍ വില ഇടിഞ്ഞിരുന്നു. എന്നാല്‍, ഇറാനെതിരായ ആക്രമണത്തിന് ട്രംപ് ഇടവേള നല്‍കിയതോടെ രണ്ട് ദിവസം കൊണ്ട് 8080 രൂപയാണ് ഉയര്‍ന്നത്.
ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ച്ചയിലാണ്. 172 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4573 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി ആറ് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 73.53 ഡോളര്‍ എന്ന നിലയിലുമാണ്.
കേരളത്തില്‍ മാര്‍ച്ച് ഒന്നിന് 1,26,920 രൂപയുണ്ടായിരുന്ന പവന്‍ പിന്നീട് വന്‍ ഇടിവ് നേരിട്ടിരുന്നു. അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഉയർന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വില കുറച്ചത്. പിന്നാലെയാണ് യുദ്ധത്തിന് ശമനമുണ്ടായതോടെ വില തിരിച്ചുകയറുന്നത്.