ട്രംപിൻ്റെ വാക്കില്‍ സ്വര്‍ണം കുതിച്ചു; ഒറ്റയടിക്ക് വന്‍ വര്‍ധന

ഇന്ന് രാവിലെ വന്‍ ഇടിവ് നേരിട്ട സ്വര്‍ണവില വൈകീട്ടോടെ വീണ്ടും ലക്ഷത്തിന് മുകളിലേക്ക് കയറി

Update: 2026-03-23 13:42 GMT

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക വിരാമമുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ ബലത്തില്‍ വന്‍ കുതിപ്പ് നടത്തി സ്വര്‍ണവില. ഇന്ന് രാവിലെ വന്‍ ഇടിവ് നേരിട്ട പവന്‍ വില വൈകീട്ടോടെ വീണ്ടും ലക്ഷത്തിന് മുകളിലേക്ക് കയറി. ഗ്രാമിന് 500 രൂപയും പവന് 4000 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,05,080 ഉം ഗ്രാമിന് 13,135 രൂപയുമായി.

ഇന്ന് ഉച്ചയോടെ സ്വര്‍ണവില പവന് ലക്ഷം രൂപയില്‍ താഴെയെത്തിയിരുന്നു. രണ്ട് തവണയായി വില കുറഞ്ഞതോടെയായിരുന്നു ഇത്. പവന് 99,480 രൂപയാണ് രേഖപ്പെടുത്തിയത്. ജനുവരി നാലിന് ശേഷം ആദ്യമായാണ് വില ലക്ഷത്തില്‍ താഴ്ന്നത്.

Advertising
Advertising

എന്നാല്‍, ഒരാഴ്ച ഇറാനെ ആക്രമിക്കില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന ആഗോള വിപണികള്‍ക്ക് ആവേശമായി. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായത്. വെള്ളി വിലയിലും വര്‍ധനവുണ്ടായി. അതേസമയം, അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് ഒമ്പത് ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 102 ഡോളറിലാണ് വ്യാപാരം തുടരുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ 65 ഡോളറായിരുന്ന വിലയാണ് പിന്നീട് കുതിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍, അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ധിച്ചതോടെയാണ് ആഗോള ഓഹരിവിപണികള്‍ക്കൊപ്പം സ്വര്‍ണവിലയും ഇടിഞ്ഞത്. മൂന്നാഴ്ച കൊണ്ട് 27,000ല്‍ ഏറെ കുറഞ്ഞിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News