ഇന്ധന വില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികള്‍
പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജവിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്
ന്യൂഡല്‍ഹി: പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ എന്നിവയ്ക്കാണ് 2.35 രൂപ വരെ വര്‍ധിപ്പിച്ചത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജവിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. വില വര്‍ധനവ് ഇന്ന് നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്ത് കടുത്ത എല്‍പിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് പ്രീമിയം പെട്രോളിന്റെ വിലവര്‍ധന.
യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഫലമായി അസംസ്‌കൃത എണ്ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. ബാരലിന് 65 ഡോളര്‍ വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 110 ഡോളറാണ്.