എടിഎം നിബന്ധനകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ചില ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്
ന്യൂഡല്‍ഹി: എടിഎം ഉപയോഗ നിബന്ധനകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മാറ്റം പ്രഖ്യാപിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താക്കള്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കി പണം പിന്‍വലിക്കുന്നത് പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കും. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് അധിക എടിഎം ഇടപാടിനുള്ള നിരക്ക് ഈടാക്കും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളുമാണ് ഈടാക്കുന്നത്. എടിഎമ്മുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെ യുപിഐ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. ഇതാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സൗജന്യ ഇടപാടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ദിവസം തോറും എടിഎമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ പരിധി കുറച്ചതാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് കൊണ്ടുവരുന്ന മാറ്റം. നിലവില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്ന കാര്‍ഡുകളില്‍ പുതിയ പരിധി 50,000 രൂപയായിരിക്കും. ഉയര്‍ന്ന പരിധിയുള്ള കാര്‍ഡുകളില്‍ 1.5 ലക്ഷം രൂപയില്‍നിന്ന് പരിധി 75,000 രൂപയായും കുറച്ചിട്ടുണ്ട്. പിഎന്‍ബിയുടെ പ്ലാറ്റിനം, സെലക്ട്, ഗോള്‍ഡ് കാര്‍ഡുകളിലാണ് ഉയര്‍ന്ന തുക പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്.
ബന്ധന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ മുതല്‍ പുതിയ നിയമങ്ങള്‍ ബാധകമാണ്. സ്വന്തം എടിഎമ്മില്‍ നിന്ന് മാസത്തില്‍ അഞ്ച് തവണ പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. പണമല്ലാത്ത ഇടപാടുകള്‍ക്ക് (ബാലന്‍സ് ചെക്കിങ്, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ) പരിധിയില്ല. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റ് നഗരങ്ങളില്‍ അഞ്ച് തവണയും മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയൂ. ഇത് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ അധികം നല്‍കണം. അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പണം പിന്‍വലിക്കാന്‍ ശ്രമിച്ച് ഇടപാട് പരാജയപ്പെട്ടാല്‍ 25 രൂപ പിഴ നല്‍കേണ്ടിവരും.