എണ്ണ വില ഉയരുന്നു; സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു
പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1720 രൂപയാണ് ഉച്ചക്ക് ശേഷം കുറഞ്ഞത്. ഇതോടെ പവന്‍ വില 1,06,000 രൂപയായി. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയായി. രാവിലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് പവന് ആകെ കുറഞ്ഞത് 2200 രൂപയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് രണ്ട് തവണ വില കുറഞ്ഞിരിക്കുന്നത്. അതേമയം, അസംസ്‌കൃത എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് 3.81 ശതമാനം ഉയര്‍ന്ന് 106 ഡോളറിലാണ് നിലവില്‍ വ്യാപാരം.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം മാര്‍ച്ച് 23ന് ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. എന്നാല്‍, ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ വില ഉയര്‍ന്നു.
എന്നാല്‍, ട്രംപിന്റെ പ്രസ്താവനക്ക് ശേഷവും ആക്രമണ, പ്രത്യാക്രമണങ്ങള്‍ തുടരുന്നത് വിപണിയെ അനിശ്ചിതത്വത്തിലാക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില 2.7 ശതമാനം ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 124 ഡോളര്‍ കുറഞ്ഞ് 4430 എന്ന നിലയിലാണുള്ളത്. വെള്ളി ആറ് ശതമാനത്തിലേറെ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 68.06 ഡോളര്‍ എന്ന നിലയിലുമാണ്.