പെട്രോള്‍, ഡീസല്‍ തീരുവ കുറച്ചു, എന്നാല്‍ വില കുറയുമോ? കാരണം...

പെട്രോളിന് 13 രൂപ എക്സൈസ് തീരുവയുണ്ടായിരുന്നത് മൂന്ന് രൂപയായി കുറക്കുകയും ഡീസലിന് 10 രൂപയുണ്ടായിരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്

Update: 2026-03-27 06:59 GMT

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്‌സൈസ് തീരുവയില്‍ വലിയ കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് 13 രൂപ എക്സൈസ് തീരുവയുണ്ടായിരുന്നത് മൂന്ന് രൂപയായി കുറക്കുകയും ഡീസലിന് 10 രൂപയുണ്ടായിരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിലക്കുറവ് സാധാരണക്കാരിലേക്കെത്തുമോ? പെട്രോളിന്റെയും ഡീസലിന്റെയും വില്‍പന വിലയില്‍ കുറവുണ്ടാവുമോ? ഇല്ലെന്നാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

വില കുറക്കുന്നതിന് വേണ്ടിയല്ല, മറിച്ച് എണ്ണക്കമ്പനികള്‍ വില കൂട്ടാതിരിക്കാന്‍ വേണ്ടിയാണ് എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ അംസ്‌കൃത എണ്ണവില വന്‍തോതില്‍ ഉയര്‍ന്നത് എണ്ണക്കമ്പനികളുടെ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. എണ്ണവില കൂട്ടാനുള്ള നീക്കത്തിലാണ് പലരും. ഇത്തരത്തില്‍ എണ്ണവില വര്‍ധിക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇപ്പോള്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ കുറവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ തങ്ങളുടെ അധിക ചെലവ് നികത്താനുള്ള വഴിയായാണ് എണ്ണക്കമ്പനികള്‍ പരിഗണിക്കുക.

Advertising
Advertising

ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കുണ്ട്. ആഗോള എണ്ണവില, എക്‌സ്‌ചേഞ്ച് നിരക്ക് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കമ്പനികള്‍ ഇന്ധനവില നിശ്ചയിക്കുന്നത്. അതിനാല്‍ എക്‌സൈസ് തീരുവ കുറച്ചെങ്കിലും ഇന്ധന വില അതിനനുസൃതമായി കുറക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയില്ല. അതിനാല്‍, തീരുവ കുറച്ചതിന്റെ ആനുകൂല്യം ഉടനെ ജനങ്ങളിലേക്കെത്തില്ല. അതേസമയം, കമ്പനികള്‍ ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതിരുന്നാല്‍ അക്കാര്യത്തില്‍ ആശ്വസിക്കാമെന്ന് മാത്രം.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 65 ഡോളര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ എണ്ണവില വന്‍ കുതിപ്പ് നടത്തി. 110 ഡോളറിന് മുകളിലേക്ക് വരെ വില വര്‍ധിച്ചിരുന്നു. ഇതാണ് എണ്ണക്കമ്പനികള്‍ക്ക് കനത്ത അടിയായത്. നിലവില്‍ 107 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. രാജ്യത്ത സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് കേന്ദ്രം ഇന്ധന എക്സൈസ് തീരുവ വെട്ടിക്കുറച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News