മുംബൈ: രാജ്യത്തെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയര്‍മാനും പത്മഭൂഷൻ ജേതാവുമായ വിജയ്പത് സിംഘാനിയയുടെ വിയോഗത്തോടെ ഇന്ത്യൻ വ്യവസായ ലോകത്തെ വിസ്മയിപ്പിച്ച ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഒരു സാധാരണ തുണി മില്ലിനെ ലോകോത്തര ബ്രാൻഡാക്കി മാറ്റിയ വിജയ്പത് ഇന്ത്യൻ പുരുഷന്മാരുടെ ഫാഷൻ സങ്കൽപങ്ങളെ മാറ്റിമറിച്ച വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് റെയ്മണ്ടിനെ ഇന്ന് കാണുന്ന ആഗോള നിലവാരത്തിലേക്ക് ഉയർത്തിയത്.
റെയ്മണ്ട് ഗ്രൂപ്പിന്‍റെ തുടക്കം
1925-ൽ ആൽബര്‍ട്ട് റെയ്മണ്ട് എന്ന വ്യക്തിയാണ് മഹാരാഷ്ട്രയിലെ താനെയിൽ വാഡിയ വൂളൻ മിൽസ് എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയത്. ജെ.കെ. സിംഘാനിയ കുടുംബം ഈ മിൽ ഏറ്റെടുത്തതോടെയാണ് 'റെയ്മണ്ട്' എന്ന ബ്രാൻഡിന്‍റെ ജനനം. തുടക്കത്തിൽ സൈനികർക്കുള്ള വസ്ത്രങ്ങളും പരുക്കൻ കമ്പിളി വസ്ത്രങ്ങളുമായിരുന്നു പ്രധാന ഉൽപന്നങ്ങൾ.വിജയ്പത് സിംഘാനിയ ചുമതലയേറ്റതോടെയാണ് റെയ്മണ്ടിന്‍റെ യഥാർഥ ഉദയം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച ക്വാളിറ്റിയുള്ള സ്യൂട്ടിങ് തുണിത്തരങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങി.ഇന്ത്യയിലുടനീളം റെയ്മണ്ട് ഷോപ്പുകൾ ആരംഭിച്ച് തുണിത്തരങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചു. ഇത് ബ്രാൻഡിന്‍റെ വിശ്വാസ്യത കൂട്ടി.
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ, റെയ്മണ്ട് ഇന്ത്യയിൽ പുരുഷന്മാരുടെ സ്യൂട്ടിങ്ങിന്‍റെ പര്യായമായി മാറാൻ തുടങ്ങിയിരുന്നു. 1958 ൽ മുംബൈയിൽ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ, കിംഗ്സ് കോർണർ, നിർമാണത്തിൽ നിന്ന് ഉപഭോക്തൃ-മുഖ ബ്രാൻഡിങ്ങിലേക്കുള്ള മാറ്റത്തിന്‍റെ അടയാളമായി. തുണിത്തരങ്ങൾ നിർമിക്കുന്നതിൽ മാത്രമല്ല, ജീവിതശൈലി രൂപപ്പെടുത്തുന്നതിലും റെയ്മണ്ട് എന്ന ബ്രാൻഡ് വലിയ സ്വാധീനം ചെലുത്തി.
വിജയ്പത് സിംഘാനിയ എന്ന വിസ്മയം
പതിറ്റാണ്ടുകൾ കൊണ്ട് റെയ്മണ്ടിനെ ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ സാമ്രാജ്യമാക്കി മാറ്റിയത് വിജയ്പത് സിംഘാനിയയുടെ ദീർഘവീക്ഷണമാണ്. 1980 ലാണ് വിജയ്പത് സിംഘാനിയ റെയ്മണ്ടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അക്കാലത്ത് വിപണിയിലെ ഒരു പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നായിരുന്ന റെയ്മണ്ട് എങ്കിലും സിംഘാനിയയുടെ കാലത്താണ് ഗുണനിലവാരമുള്ള വസ്ത്രങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഡിസൈനുകളും വിപണിയിൽ എത്തിയത്.
ഒരു ബിസിനസുകാരൻ എന്നതിലുപരി മികച്ച പൈലറ്റ് കൂടിയാണ് സിംഘാനിയ. 1988-ൽ ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് ഒറ്റയ്ക്ക് വിമാനം പറത്തി അദ്ദേഹം റെക്കോർഡ് ഇട്ടിരുന്നു. കൂടാതെ, 2005-ൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയരത്തിൽ (69,000 അടി) പറന്ന ലോകറെക്കോഡും സിംഘാനിയയുടെ പേരിലുണ്ട്.രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
'ദി കംപ്ലീറ്റ് മാൻ'
റെയ്മണ്ടിനെ ഓരോ വീട്ടിലും പരിചിതമാക്കിയത് അവരുടെ ഐതിഹാസികമായ ഈ പരസ്യമാണ്. വെറുമൊരു വസ്ത്രം എന്നതിലുപരി, സ്നേഹസമ്പന്നനായ, ഉത്തരവാദിത്തമുള്ള, മാന്യനായ പുരുഷന്‍റെ ചിത്രം റെയ്മണ്ട് വിപണിയിൽ അവതരിപ്പിച്ചു. ഇത് റെയ്മണ്ടിനെ കേവലം ഒരു കമ്പനിയെന്നതിലുപരി ഒരു വികാരമാക്കി മാറ്റി.
സ്യൂട്ടിംഗ്, ഷർട്ടിംഗ്, മെയ്ഡ്-ടു-മെഷർ, ഹോം ഫർണിഷിംഗ് എന്നിങ്ങനെ നാല് മേഖലകളിലായിട്ടാണ് റെയ്മണ്ടിന്‍റെ ടെക്സ്റ്റൈൽ വ്യാപിച്ചുകിടക്കുന്നത്. 1960 കളുടെ അവസാനത്തിൽ കമ്പനി റെഡി-ടു-വെയർ വിപണിയിൽ പ്രവേശിച്ചു, ആധുനിക ഉപഭോക്താക്കളുമായി പ്രതിധ്വനിക്കുന്ന മൂർച്ചയുള്ള സ്റ്റൈലിംഗും കൃത്യമായ ഫിറ്റുകളും നൽകി.
ആഗോള തലത്തിലേക്ക്
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് വൂളൻ ഫാബ്രിക് നിർമeതാക്കളാണ് റെയ്മണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നിർമാണരീതിയാണ് റെയ്മണ്ടിനെ മറ്റ് ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ന്, റെയ്മണ്ട് പ്രതിവർഷം 5.59 ദശലക്ഷത്തിലധികം വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നു. 70-ലധികം അത്യാധുനിക പ്രൊഡക്ഷൻ ലൈനുകളും പതിനായിരത്തിലധികം വരുന്ന വിദഗ്ധരായ തൊഴിലാളികളും ഈ ഉത്പാദനത്തിന് പിന്നിലുണ്ട്.
ആഗോള വിപുലീകരണത്തിന്റെ ഭാഗമായി എത്യോപ്യയിൽ റെയ്മണ്ട് സ്ഥാപിച്ച ഫാക്ടറിയിലെ തൊഴിലാളികളിൽ 95 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഇത് തൊഴിൽ രംഗത്തെ സ്ത്രീശാക്തീകരണത്തിന് കമ്പനി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.ലോകത്തെ 45-ലധികം രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന വിപണിയിൽ, 50-ലധികം പ്രമുഖ ആഗോള ബ്രാൻഡുകൾക്ക് വസ്ത്രങ്ങൾ നിർമിച്ച് നൽകുന്നത് റെയ്മണ്ട് ആണ്