കാര്‍ വാങ്ങാന്‍ തിരക്കോടെ തിരക്ക്, വന്‍ കുതിപ്പില്‍ വിപണി; റെക്കോഡ് വില്‍പ്പന
ജിഎസ്ടിയില്‍ നല്‍കിയ ഇളവും കമ്പനികള്‍ കൂടുതല്‍ ആകര്‍ഷകമായ മോഡലുകള്‍ അവതരിപ്പിച്ചതുമാണ് വില്‍പ്പനക്ക് കരുത്തേകിയത്
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ കാറുകളുടെ റെക്കോഡ് വില്‍പ്പന. 47 ലക്ഷം കാറുകളാണ് 2025-26ല്‍ പുതിയതായി നിരത്തിലെത്തിയത്. 2024-25ല്‍ ഇത് 43.4 ലക്ഷം കാറുകളായിരുന്നു. 8.3 ശതമാനമാണ് വര്‍ധനവ്. ജിഎസ്ടിയില്‍ നല്‍കിയ ഇളവും കമ്പനികള്‍ കൂടുതല്‍ ആകര്‍ഷകമായ മോഡലുകള്‍ അവതരിപ്പിച്ചതുമാണ് വില്‍പ്പനക്ക് കരുത്തേകിയത്.
നിരത്തിലിറങ്ങിയ കാറുകളില്‍ പകുതിയോളവും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടേതാണ്. കഴിഞ്ഞ വര്‍ഷം 24,22,713 യൂണിറ്റെന്ന റെക്കോര്‍ഡ് വില്‍പനയാണ് മാരുതി സുസുക്കി നേടിയത്. മുന്‍വര്‍ഷം ഇത് 22,34,266 യൂണിറ്റായിരുന്നു. രണ്ടാമതുള്ള മഹീന്ദ്ര 20 ശതമാനം വളര്‍ച്ചയോടെ 6.60 ലക്ഷം വാഹനങ്ങളാണ് വിറ്റത്. മൂന്നാമതുള്ള ടാറ്റ മോട്ടോഴ്‌സും ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയാണ് നേടിയത്. 6.4 ലക്ഷം കാറുകള്‍ വിറ്റു. 15 ശതമാനമാണ് വര്‍ധന.
സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസമായ മാര്‍ച്ചിലും വലിയ വില്‍പ്പനയാണ് കാറുകള്‍ക്കുണ്ടായത്. മാരുതി സുസുക്കി മാര്‍ച്ചില്‍ 1,66,219 കാറുകള്‍ വിറ്റപ്പോള്‍ ടാറ്റ 66,192ഉം മഹീന്ദ്ര 60,272ഉം വിറ്റു. ഹ്യുണ്ടായ് -55,064, ടൊയോട്ട -35,125, കിയ -29,112, റെനോ -5046 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിര്‍മാതാക്കളുടെ മാര്‍ച്ചിലെ വില്‍പ്പന കണക്ക്. ഇതില്‍ റെനോക്ക് 77 ശതമാനത്തിന്റെ വമ്പന്‍ വാര്‍ഷിക വര്‍ധനവാണുണ്ടായത്. മഹീന്ദ്രക്ക് 25 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി.