വന്‍ വീഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് വിപണി; നിക്ഷേപകര്‍ക്ക് ആശ്വാസം

തുടക്കത്തില്‍ രണ്ട് ശതമാനത്തോളം ഇടിഞ്ഞെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്

Update: 2026-04-02 11:17 GMT

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം സംബന്ധിച്ച അനിശ്ചിതത്വം കനത്ത ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകുന്നതിനിടെ ഇന്ന് വന്‍ വീഴ്ചയില്‍ നിന്ന് കരകയറി ഇന്ത്യന്‍ വിപണികള്‍. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 71,545 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് പിന്നീട് 2000ലേറെ പോയിന്റ് ഉയര്‍ന്ന് 73,568 വരെയെത്തി. പിന്നീട് 73,319ലാണ് ക്ലോസ് ചെയ്തത്.

22,182 വരെ ഇടിഞ്ഞ നിഫ്റ്റി പിന്നീട് 500ലേറെ പോയിന്റ് ഉയര്‍ന്ന് 22,713ലാണ് ക്ലോസ് ചെയ്തത്. മുന്‍ ദിവസങ്ങളിലെ ഇടിവ് ആവര്‍ത്തിക്കുമോയെന്ന ഭീതിയിലായിരുന്ന നിക്ഷേപകര്‍ക്ക് ഇന്നത്തെ തിരിച്ചുവരവ് ആശ്വാസം പകരുന്നതായി. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്നതാണ് വിപണിക്ക് ഊര്‍ജമായത്.

Advertising
Advertising

ഡോളറിനെതിരെ 157 പൈസ നേട്ടത്തോടെ 93.13 എന്ന നിലയിലാണ് രൂപയുടെ വിനിമയം. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന മുന്നേറ്റമാണ് ഇന്ന് വിപണിയില്‍ ദൃശ്യമായത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ പുതിയ നിയന്ത്രണങ്ങളാണ് കുതിപ്പിന് പ്രധാന കാരണമായത്.

ഐടി ഓഹരികളാണ് ഇന്ന് പ്രധാന മുന്നേറ്റം കാഴ്ചവെച്ചത്. നിഫ്റ്റി ഐടി 2.6 ശതമാനം ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനം നടത്തി.

പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും ആഴ്ചകള്‍ തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണിക്ക് കനത്ത അടി നല്‍കിയത്. ഇതോടെ സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു. എന്നാല്‍, രൂപയുടെ കരുത്തില്‍ വിപണികള്‍ ഉണര്‍ന്നതും മികച്ച ഓഹരികള്‍ കുറഞ്ഞവിലയില്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയാറായതും വിപണിയെ മുകളിലേക്കുയര്‍ത്തി.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിയുകയും അസംസ്‌കൃത എണ്ണവില ഉയരുകയും ചെയ്തു. സ്വര്‍ണം ട്രോയ് ഔണ്‍സിന് 165 ഡോളര്‍ ഇടിഞ്ഞ് 4620 ഡോളറിലെത്തി. ഒരു ഘട്ടത്തില്‍ 4560 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. വെള്ളിവില ആറ് ശതമാനത്തിലേറെ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 71.12 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനത്തിലേറെ ഉയര്‍ന്ന് ബാരലിന് 109.2 ഡോളര്‍ നിരക്കിലാണുള്ളത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News