ആദ്യം തദ്ദേശതെരഞ്ഞെടുപ്പില്‍, ഇപ്പോള്‍ നിയമസഭയിലും; പെന്‍ഷന്‍ ഇടതുപക്ഷത്തിന് ലോട്ടറിയാകുമോ?

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും അത് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കുമെന്നും 2016ലെ എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ടായിരുന്നു

Update: 2021-03-19 14:59 GMT
Advertising

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നേടിതന്നതില്‍ പ്രധാന പങ്കുവഹിച്ച, ക്ഷേമപെന്‍ഷന്‍ നിയമസഭ തെരഞ്ഞെടുപ്പിലും പ്രചരണായുധമാക്കാന്‍ എല്‍.ഡി.എഫ്. 2021 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയില്‍ ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കും എന്ന പ്രഖ്യാപനവും ഇടം നേടിയതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും അത് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കുമെന്നും 2016ലെ എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ടായിരുന്നു. കുടിശികയുണ്ടായിരുന്ന ക്ഷേമ പെന്‍ഷന്‍ മൊത്തമായി കൊടുത്തു തീര്‍ത്തും പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചുമാണ് ക്ഷേമ പെന്‍ഷന്‍ ഒരു ചര്‍ച്ചാ വിഷയമായി സര്‍ക്കാര്‍ മാറ്റുന്നത്. നിലവില്‍ 1500 രൂപയാണ് പെന്‍ഷന്‍ തുകയായി നല്‍കപ്പെടുന്നത്. അത് അടുത്ത മാസം മുതല്‍ 1600 രൂപയാകും. ഈ തുകയാണ് 2500ലേക്ക് ഉയര്‍ത്തുമെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറയുന്നത്.

സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും ക്ഷേമ പെന്‍ഷനും വോട്ടെടുപ്പിന്‍റെ തലേന്നായ ഏപ്രിൽ 5ന് എങ്കിലും കൊടുത്തു തീർക്കാൻ ട്രഷറിക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസത്തെയും (1500 രൂപ) അടുത്ത മാസത്തെയും (1600 രൂപ) ക്ഷേമ പെൻഷൻ തുക ഒരുമിച്ച് (3100 രൂപ) അടുത്ത മാസം അഞ്ചിനെങ്കിലും കൊടുക്കാനും തീരുമാനമായിരുന്നു.

ക്ഷേമ പെന്‍ഷനൊപ്പം അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്‍റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും എന്നും പ്രകടന പത്രികയില്‍ പറയുന്നു.

സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമം കൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും. ക്ഷേമനിധികള്‍ പുനഃസംഘടിപ്പിക്കും. ഓട്ടോ-ടാക്സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.

Tags:    

Similar News