പൊതുഗതാഗത മേഖല 2022ഓടെ പരിസ്ഥിതി സൗഹൃദമാക്കുമെന്ന് ഖത്തര്‍

പൊതുഗതാഗത സര്‍വീസ് കമ്പനിയായ കര്‍വയ്ക്ക് കീഴിലായിരിക്കും ട്രാം ബസ് ഓടുക.

Update: 2019-07-17 02:36 GMT
Advertising

2022 ഓടെ ഖത്തറിലെ പൊതുഗതാഗത മേഖല കാല്‍ ശതമാനം പരിസ്ഥിതി സൌഹൃദമാക്കുമെന്ന് ഗതാഗതമന്ത്രി. വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയാണ് ഈ നേട്ടം സാധ്യമാക്കുക.

ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന 2022 നകം രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനവും പരിസ്ഥിതി സൌഹൃദമാക്കാനാണ് ഖത്തറിന്‍റെ തീരുമാനം. ഗതാഗത മന്ത്രി ശൈഖ് ജാസിം സെയ്ഫ് അല്‍ സുലൈത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായുമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പരമാവധി കുറച്ചുകൊണ്ടാണ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കുക

വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ കൂട്ടുകയാണ് പ്രധാന വഴി. ഇതിന്‍റെ ആദ്യ പടിയെന്നോണമാണ് ട്രാം ബസ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. എല്ലാ തരം പരിശോധനകള്‍ക്കും ശേഷം ഒരു വര്‍ഷത്തിനകം തന്നെ ട്രാം ബസ് എആര്‍ടി ദോഹ അല്‍ ഖോര്‍ റൂട്ടില്‍ ഓടിത്തുടങ്ങും.

പൊതുഗതാഗത സര്‍വീസ് കമ്പനിയായ കര്‍വയ്ക്ക് കീഴിലായിരിക്കും ട്രാം ബസ് ഓടുക. ഇലക്ട്രിക് ചാര്‍ജ്ജ് വഴിയാണ് ട്രാം ബസ്സിന്‍രെ പ്രവര്‍ത്തനം. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനം പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ഓടാനാകും.

Full View

നിലവില്‍ ബസുകളും കാറുകളുമാണ് കര്‍വയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്. ഈ പൊതു സംവിധാനം കൂടുതല്‍ പ്രകൃതി സൌഹൃദ വാഹനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമാക്കും. 2022 ലോകകപ്പ് ഫുട്ബോളിനെത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് കാര്യക്ഷമവും സുഗമവുമായ യാത്രാ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    

Similar News