ഖത്തര്‍ ലോകകപ്പ് സുരക്ഷക്ക് എഫ്.ബി.ഐയുടെ സഹായം

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ നേരിട്ടാണ് ദോഹയില്‍ പരിശീലന ക്ലാസ് നടത്തുന്നത്.

Update: 2019-08-19 19:11 GMT
Advertising

2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് എഫ്.ബി.ഐയുടെ സഹായം. തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് എഫ്.ബി.ഐ നല്‍കുന്ന ദുരന്ത, പ്രതിസന്ധി നിവാരണ പരിശീല ക്ലാസുകള്‍ക്ക് ദോഹയില്‍ തുടക്കമായി.

Full View

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ നേരിട്ടാണ് ദോഹയില്‍ പരിശീലന ക്ലാസ് നടത്തുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസുകളില്‍ ഖത്തറിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നുള്ള 43 ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

സുരക്ഷാ പ്രതിസന്ധികളെ എങ്ങനെ മറികടക്കാം, അടിയന്തിര സാഹചര്യങ്ങളെ എങ്ങിനയൊക്കെ നേരിടാം, അപകട സാധ്യതകള്‍ എങ്ങനെ തിരിച്ചറിയാം എന്നീ വിഷയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നൈപുണ്യവും, വൈദഗ്ദ്ധ്യവും ലഭ്യമാക്കുക എന്നതാണ് പരിശീലന കോഴ്സിന്‍റെ ലക്ഷ്യം.

ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളിലെ നിര്‍ണായക ചുവടാണ് ഈ പരിശീലനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആസൂത്രണ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന്‍ മാജിദ് അല്‍ സുലൈത്തി വ്യക്തമാക്കി. ലോകോത്തര സുരക്ഷാ സംവിധാനങ്ങളാണ് ലോകകപ്പിനായി രാജ്യത്ത് ഒരുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ആഭ്യന്തര മന്ത്രാലയം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച രീതിയില്‍ ഖത്തര്‍ ലോകകപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി പ്രതിനിധി പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള തിയറി ക്ലാസുകളും പ്രാക്ടിക്കള്‍ സെഷനുകളും അടങ്ങിയതാണ് പരിശീലന കോഴ്സ്.

Tags:    

Similar News