ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും  ചിഹ്നവും ദുരുപയോഗം ചെയ്താല്‍ നടപടി  

ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു

Update: 2019-09-04 17:58 GMT
Advertising

2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പേരും ചിഹ്നവുമുള്‍പ്പെടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്‍റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Full View

2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഖത്തര്‍ ലോകകപ്പിന്‍റെ ബൗദ്ധിക സ്വത്തുക്കളുടെ പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്.

ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, ഔദ്യോഗിക ഭാഗ്യചിഹ്നം, ഫിഫ എന്ന പേര്, ഖത്തര്‍ 2022, വേള്‍ഡ്കപ്പ്, വേള്‍ഡ്കപ്പ് 2022, ഫിഫ വേള്‍ഡ്കപ്പ് ഖത്തര്‍ 2022 തുടങ്ങിയ പേരുകളോ വാക്യങ്ങളോ ഒരുമിച്ചോ ഒറ്റക്കോ ഉപയോഗിക്കല്‍ എന്നിവയെല്ലാം ഫിഫ ബൗദ്ധിക സ്വത്തിന്റെ പരിധിയിലുള്ളവയാണ്. ഫിഫ ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പരസ്യസംബന്ധമായതോ വാണിജ്യ സംബന്ധമായതോ മറ്റ് പ്രമോഷനുകള്‍ക്കുള്ളതോ ആയ എല്ലാ ഉപയോഗങ്ങള്‍ക്കും ഫിഫയുടെ മുന്‍കൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി തേടണം. അനുമതിയില്ലാതെ ഫിഫയുടെ ഏതെങ്കിലും ബൗദ്ധികസ്വത്ത് ഉപയോഗിച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള അവകാശവും ഫിഫക്കുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവോ 20,000 റിയാലില്‍ കൂടാത്ത പിഴയോ ഇവ രണ്ടും ഒന്നിച്ചുമോ ലഭിച്ചേക്കും. ഇക്കാര്യത്തിലെ കോടതി വിധി പ്രതിയുടെ ചെലവില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ തുക കൂടി അടങ്ങുന്നതാണ് പിഴത്തുക. ആറ് മാസം വരെ കുറ്റവാളികളുടെ സ്ഥാപനങ്ങളുെട ലൈസന്‍സ് റദ്ദാക്കും. നിയമലംഘനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ കണ്ടുകെട്ടും.

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഫിഫ ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും കാര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും എടുക്കുന്നതില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണം. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ brandprotection@fifa.org എന്ന മെയില്‍ മുഖേന ഫിഫയെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

Tags:    

Similar News