മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്: എം. പി അബ്‍ദു സമദ് സമദാനിക്ക് സാധ്യത

മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായതും, ലോക്‍സഭയിൽ സജീവം ആയി ഇടപെടാൻ സാധിക്കും എന്ന നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് സമദാനിയെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കാമെന്ന തീരുമാനത്തിന് പിന്നിൽ

Update: 2021-02-20 02:35 GMT
Advertising

മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്. എം. പി അബ്‍ദു സമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി നേതൃത്വം പ്രഥമ പരിഗണന നൽകുന്നത്.

മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, എന്നിവരുടെ പേരുകൾ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദുസമദ് സമദാനിയെ മല്‍സരിപ്പിക്കാനാണു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് സൂചന.

മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായതും, ലോക്‍സഭയിൽ സജീവം ആയി ഇടപെടാൻ സാധിക്കും എന്ന നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് സമദാനിയെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കാമെന്ന തീരുമാനത്തിന് പിന്നിൽ. പാണക്കാട് കുടുംബത്തിനും സമദാനിയോട് താല്‍പര്യമുണ്ട്. മുൻ പ്രതിനിധികൾ പഴി കേൾക്കേണ്ടി വന്ന ഭാഷ പരിജ്ഞാനത്തിന്റെ പേരിലെ വിമർശനങ്ങൾ തടയിടാനും സമദാനിക്ക് ആകുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

അതേസമയം രാജ്യസഭാ കാലാവധി അവസാനിക്കുന്ന പി.വി അബ്ദുല്‍ വഹാബ് എം.പി ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ വഹാബിനെ പരിഗണിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ജനറൽ സെക്രട്ടറി കെ.പി.എ മജീദും, പി.കെ കുഞ്ഞാലിക്കുട്ടിയും, പി.വി അബ്ദുൽ വഹാബും ഒരുമിച്ചു മത്സരിക്കേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. കെ.പി.എ മജീദ് നിയമസഭയിലേക്ക് മത്സരിക്കുന്ന നിലപാടിൽ ഉറച്ചു നിന്നാൽ പി.വി അബ്ദുൽ വഹാബിനെ തന്നെ ഇത്തവണയും മുസ്‍ലിം ലീഗ് രാജ്യസഭാ പ്രതിനിധിയാക്കിയേക്കും.

Full View
Tags:    

Similar News