കോഴിക്കോട് - ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകളുമായി സൗദി എയർലൈൻസ്

ഉംറ തീര്‍ത്ഥാടകര്‍ കൂടിയതോടെ പ്രവാസികൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾ എടുക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യം മീഡിയ വൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2019-01-12 17:47 GMT
Advertising

കോഴിക്കോട് - ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകളുമായി സൗദി എയർലൈൻസ്. അടുത്ത മാസം അഞ്ചു മുതൽ ആഴ്ചയിൽ രണ്ടു സർവീസുകൾ കൂടി ആരംഭിക്കും. ഉംറ തീർത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികൾക്ക് സീറ്റുകൾ ലഭിക്കുന്നില്ല എന്ന പരാതി പരിഗണിച്ചാണ് ജിദ്ദയിലേക്കുള്ള അധിക സർവീസുകൾ.

നിലവിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സൗദി എയർലൈൻസിനു ആഴ്ചയിൽ അഞ്ച് സർവീസുകളാണുള്ളത്. ഇതിനു പുറമെ അടുത്ത മാസം അഞ്ച് മുതല്‍ രണ്ട് സർവീസുകൾ കൂടി അധികമായി ആരംഭിക്കും. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് അധിക സർവീസുകൾ. ഇതോടെ വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും ജിദ്ദ-കോഴിക്കോട് സർവീസുകൾ ഉണ്ടാവും.

വ്യാഴാഴ്ച പുലർച്ചെ 2:15നും 3:15നുമായി രണ്ടു സർവീസുകൾ ജിദ്ദയിൽ നിന്നുമുണ്ടാവും. ഈ വിമാനങ്ങൾ രാവിടെ 11:50നും ഉച്ചക്ക് 1:10നുമായിരിക്കും കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പുറപ്പെടുക. സൗദി എയർലൈൻസിന്റെ കോഴിക്കോട് - ജിദ്ദ - കോഴിക്കോട് റൂട്ടിൽ ഭൂരിഭാഗം സീറ്റുകളിലും ഉംറ തീർത്ഥാടകരാണ് യാത്ര ചെയ്യുന്നത്. അതിനാൽ പ്രവാസികൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾ എടുക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യം മീഡിയ വൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റൂട്ടിൽ അധികസർവീസുകൾ അനുവദിക്കണമെന്ന് എയർലൈൻസ് അധികൃതരോട് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായിരുന്നു. ആവശ്യം പരിഗണിക്കാമെന്ന എയർലൈൻസ് അധികൃതരുടെ ഉറപ്പാണ് ഇപ്പോൾ യാഥാർഥ്യമാവുന്നത്.

Tags:    

Similar News