യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കി സൗദി എയര്‍ലൈന്‍സ്; രാജ്യത്തുടനീളം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കും

Update: 2019-09-05 18:42 GMT
Advertising

യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി സൗദി എയർലൈൻസ് സൗദിയിലുടനീളം സെൽഫ് സർവീസ് മെഷീനുകൾ സ്ഥാപിക്കുന്നു. ടിക്കറ്റ് എടുക്കുന്നതടക്കം കമ്പനിയുടെ വിവിധ സേവനങ്ങൾ യാത്രക്കാർക്ക് മെഷീനുകൾ വഴി ചെയ്യാൻ സാധിക്കും. സേവനം മികച്ചതാക്കുകയും യാത്രക്കാരുടെ സംതൃപ്തി നേടലുമാണ് പുതിയ സംവിധാനത്തിലൂടെ സൗദി എയർലൈൻസ് ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നല്‍കുന്നതിന്റെയും ഇലക്ട്രോണിക് പോർട്ടൽ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സെൽഫ് സർവീസ് മെഷീനുകൾ. രാജ്യത്തുടനീളം പ്രധാനപ്പെട്ട 80 ഓളം സ്ഥലങ്ങളിലാണ് മെഷീനുകൾ സ്ഥാപിക്കുന്നത്. ജിദ്ദ, മദീന, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, അൽഹറമൈൻ റെയിൽവേ സ്റ്റേഷനുകൾ, നിയോം വിമാനത്താവളം എന്നിവിടങ്ങളിൽ ഇതിനോടകം പുതിയ മെഷീനുകൾ സ്ഥാപിച്ചു. ടിക്കറ്റ് ബുക്കിങ്, ഇഷ്യൂ ചെയ്യൽ, സീറ്റുകൾ തെരഞ്ഞെടുക്കൽ, വൈഫൈ സേവനം, ബോർഡിങ് പാസ്, ലഗേജ് കാർഡ്, അഡീഷണൽ ലഗേജ് വൗച്ചര്‍ തുടങ്ങിയ സേവനങ്ങൾ സെൽഫ് സർവീസ് മെഷീനിലുടെ ലഭ്യമാവും. വെബ് പോർട്ടൽ, സെൽഫ് സർവീസ് മെഷീനുകൾ എന്നിവക്ക് സൗദിയ യാത്രക്കാർക്കിടയിൽ സ്വീകാര്യത കൂടി വരികയാണ്. പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സ്ഥലങ്ങളിൽ മെഷീനുകൾ ഒരുക്കുന്നതെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻറ് മേധാവി ഫഹദ് ബാ ഹദീല പറഞ്ഞു. ഈ വർഷം ആദ്യ പകുതിയിൽ അഞ്ച് ദശലക്ഷത്തിലധികം ബുക്കിങ് നടപടികളും അത്ര തന്നെ ബോർഡിങ് പാസുകളും നൽകിയിട്ടുണ്ട്. ഇവയിൽ 3,40,000 ബോർഡിങ് പാസുകളും ഇഷ്യൂ ചെയ്തിരിക്കുന്നത് 30 സ്ഥലങ്ങളിലായി സ്ഥാപിച്ച സർവീസ് മെഷീനുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ സാങ്കേതിക വിദ്യകൾ യാത്രക്കാരുടെ സേവനത്തിന് സൗദി എയർലൈൻസ് ഉപയോഗിക്കുന്നുണ്ട്. സേവനം മികച്ചതാക്കാനും യാത്രക്കാരുടെ സംതൃപ്തി നേടാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും ഫഹദ് ബാ ഹദീല കൂട്ടിച്ചേർത്തു.

Tags:    

Similar News