ഇരുന്നൂറ് ഹൂത്തി തടവുകാരെ വിട്ടയക്കാന്‍ സഖ്യസേന

യുദ്ധമവസാനിപ്പിക്കാനും രാഷ്ട്രീയ സാഹചര്യമൊരുക്കാനുമുള്ള അനൌദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

Update: 2019-11-27 19:24 GMT
Advertising

ഇരുന്നൂറ് ഹൂത്തി തടവുകാരെ വിട്ടയക്കുമെന്ന് അറബ് സഖ്യ സേന. യമന്‍ യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഇരുന്നൂറ് പേരെ വിട്ടയക്കാനാണ് തീരുമാനം. യമന്‍ സര്‍ക്കാരുമായ ചേര്‍ന്നാണ് മോചനം സാധ്യമാക്കുക. യമനില്‍ സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു കക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് തീരുമാനം.

അറബ് സഖ്യ സേനാ വകതാവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് തീരുമാനം അറിയിച്ചത്. യമന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് മോചനം സാധ്യമാക്കുക. രാജ്യത്ത് കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പ്രത്യേകം വിമാനവും അറബ് സഖ്യസേന ഏര്‍പ്പെടുത്തും.

കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ലഭ്യമായ വിദേശ രാജ്യങ്ങളിലേക്കായിരിക്കും വിമാനം ഏര്‍പ്പെടുത്തുക. രോഗികളെ ഇവിടെയെത്തിക്കുന്നതിനാണ് സേവനം. പുതിയ തീരുമാനം അറബ് നേതൃത്വം പുലര്‍ത്തി പോരുന്ന ഇസ്ലാമിക വിശ്വാസത്തിന്റെയും അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കുന്നതിന്റെയും കൂടി ഭാഗമാണെന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി ഓര്‍മ്മിപ്പിച്ചു. മേഖലയില്‍ സമാധാനം പുലരണമെന്നാണ് അറബ് സഖ്യ രാഷ്ട്രങ്ങളുടെ ആഗ്രഹമെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യവും സമാധാന ജീവിതവും ഉറപ്പ് വരുത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദിവസമായി യമനില്‍ വ്യോമാക്രമണമൊന്നും നടന്നിട്ടില്ല. രണ്ടാഴ്ചക്കിടെ 80 ശതമാനമാണ് വ്യോമാക്രമണം കുറഞ്ഞത്. 2015-ല്‍ സൌദി സഖ്യസേന യമനില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് പുതിയ സാഹചര്യമെന്ന് യുഎന്‍ ദൂതന്‍ പറഞ്ഞു. യുദ്ധമവസാനിപ്പിക്കാനും രാഷ്ട്രീയ സാഹചര്യമൊരുക്കാനുമുള്ള അനൌദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

Tags:    

Similar News