ഇതെന്താ ഏറുകൊള്ളാൻ വെച്ചിരിക്കുന്നതാണോ..? അഫ്രീദിയുടെ ഹെൽമറ്റിനെതിരെ വ്യാപക വിമർശനം

മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷഹീദ് അഫ്രീദിയുടെ പുതിയ ഹെൽമറ്റിനെതിരെ വ്യാപക വിമർശനം

Update: 2020-11-15 11:47 GMT
Advertising

മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷഹീദ് അഫ്രീദിയുടെ പുതിയ ഹെൽമറ്റിനെതിരെ വ്യാപക വിമർശനം. കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച പാക്കിസ്ഥാന്‍ സൂപ്പർ ലീഗിലെ പ്ലേഓഫ് പോരാട്ടത്തിനിടെയാണ് അഫ്രീദിയുടെ ഹെൽമറ്റ് വിവാദമാകുന്നത്.

പന്തിൽ നിന്ന് മുഖത്തെ സംരക്ഷിക്കുന്നതിനായി വെച്ചിരിക്കുന്ന ഹെൽമറ്റിന്റെ മുന്‍പിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പികൾ എടുത്തു മാറ്റിയ നിലയിലാണ് അഫ്രീദി ഹെൽമറ്റ് ധരിച്ചിരുന്നത്. ക്രിക്കറ്റിൽ പന്ത് മുഖത്തിടിക്കാനുള്ള സാധ്യത അധികമായതിനാൽതന്നെ ഈ ഹെൽമറ്റ് വളരെ അപകട സാധ്യത കൂടുതലുള്ളതാണെന്ന് വിദഗ്ദർ പറയുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അഫ്രീദി നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിലെ മുൾട്ടാൻ സുൽത്താൻസ് താരമാണ്. കറാച്ചി കിങ്സിനെതിരായ പ്ലേഓഫ് മത്സരത്തിലാണ് അഫ്രീദി വ്യത്യസ്തമായ ഹെൽമറ്റും ധരിച്ച് കളത്തിലിറങ്ങിയത്. മത്സരത്തിൽ ഒരു സിക്സർ ഉൾപ്പടെ 12 പന്തിൽ 12 റൺസെടുത്ത അഫ്രീദിയെ പേസ് ബോളർ അർഷാദ് ഇക്ബാലാണ് പുറത്താക്കിയത്.

കളിക്കിടയിൽ ബൗൺസർ കൊണ്ട് ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂഗ്സ് മരണപ്പെട്ടതിന് ശേഷം ഹെൽമറ്റുകളുടെ കാര്യത്തിൽ ഐ.സി.സി കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. അഫ്രീദി പങ്കെടുത്ത മത്സരത്തിൽ അപകടം സംഭവിച്ചില്ലെങ്കിലും അദ്ദേഹം ധരിച്ച ഹെൽമറ്റ് ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.

Tags:    

Similar News