ജർമ്മൻ ബൂട്ടുകൾ ഏഴ് തവണ കാനറിപ്പെട്ടിയിൽ ആണിയടിച്ച ദിവസം

സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന്റെ സെമിഫൈനലിൽ ജർമനിയോടേറ്റ നാണംകെട്ട തോൽവി

Update: 2022-12-06 13:39 GMT
Advertising

മത്സരം തുടങ്ങുന്നതിന് മുമ്പ് റിയോ ഡി ജെനീറോയിലെ മേയർ ഡി മൊറൈസ് ഉച്ചഭാഷിണിയിലൂടെ ബ്രസീൽ ടീമിനെ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു. മണിക്കൂറുകൾക്കകം ലോക ചാമ്പ്യന്മാരാകാൻ പോകുന്നവരേ, നിങ്ങൾക്ക് അനുമോദനങ്ങൾ. ബസീൽ... ബ്രസീൽ... ഒരേ സ്വരത്തിൽ ആർത്തുവിളിക്കുന്ന ഒന്നരലക്ഷത്തിലധികം കാണികൾ. സ്വന്തം മണ്ണിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാൻ പാടില്ലെന്ന് ഓർമ്മിപ്പിച്ച ഗാലറികളെ സാക്ഷിയാക്കി അയൽക്കാർക്ക് മുന്നിൽ കാനറിപ്പട വീണു. അതെ മാരക്കാനയിൽ ദുരന്തം സംഭവിച്ചിരിക്കുന്നു.


1950 ലെ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ ഉറുഗ്വായോടേറ്റ തോൽവി ഇന്നും ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ കണ്ണീരോർമയാണ്. ഒരു ഗോളിന് മുന്നിൽ എത്തിയതിന് ശേഷം രണ്ട് ഗോളുകൾ വഴങ്ങിയായിരുന്നു ബ്രസീലിന്റെ ഞെട്ടിക്കുന്ന തോൽവി.

ഇനി മത്സരത്തിലേക്ക് വന്നാൽ

മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ ആക്രമണമായിരുന്നു. എന്നാൽ, യുറുഗ്വായുടെ പ്രതിരോധ കോട്ട പൊളിക്കാൻ കാനറിപ്പടയ്ക്ക് ആദ്യപകുതിയിലായില്ല. ഒടുവിൽ 47ാം മിനുറ്റിൽ ഫ്രിയാക്കയുടെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ, ബ്രസീൽ ടീമിലെ ബിഗോഡയുടെ പിഴവുകൊണ്ട് ലഭിച്ച പന്തുമായി ഗിഗ്ഗിയ നൽകിയ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ സ്‌കിഫിയാനോവ് ഉറുഗ്വേക്കു വേണ്ടി ഗോൾ മടക്കി.


സമനില പൂട്ടുപൊട്ടിച്ച് ബ്രസീൽ വീണ്ടും മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് 79ാം മിനുറ്റിൽ ഗിഗ്ഗിയ വീണ്ടും പന്തുമായി മുന്നേറി ബ്രസീൽ ഗോൾകീപ്പർ മൊയ്തർ ബർബോസയെ മറികടന്ന് യുറുഗ്വായ്ക്ക് വേണ്ടി ഗോൾവല ചലിപ്പിച്ചു. ജ്വലിച്ചുനിൽക്കുന്ന ഗ്യാലറി പതിയെ അണയുന്ന സങ്കടക്കാഴ്ചയായിരുന്നു അത്. ഫുട്‌ബോൾ ലോകവും ബ്രസീൽ ആരാധകരും തരിച്ചുനിന്നുപോയ നിമിഷം. ലീഡ് നേടിയ യുറുഗ്വേ ടീം ഒന്നടക്കം പ്രതിരോധത്തിലേക്കു വലിഞ്ഞ് കോട്ട തീർത്തു. ഫുട്‌ബോൾ പ്രാണവായുവാണെന്ന് കരുതി ജീവിക്കുന്ന ഒരു ജനതയെ കണ്ണീരിലാഴ്ത്തി ഇംഗ്ലണ്ട് റഫറി ഫൈനൽ വിസിൽ മുഴക്കി. ബ്രസീലിന്റെ തോൽവിയെ പ്രശസ്ത എഴുത്തുകാരനായ നെൽസൺ റോഡ്രിഗ്‌സ് വിശേഷിപ്പിച്ചത്, ബ്രസീലിന്റെ ഹിരോഷിമ എന്നായിരുന്നു. ഒരു ചടങ്ങ് നടത്താനുള്ള അന്തരീക്ഷമായിരുന്നില്ല മാരക്കാനയിൽ. പ്രഭാഷണങ്ങളുടെയോ ആഘോഷങ്ങളുടെയോ അകമ്പടിയില്ലാതെ ഫിഫ പ്രസിഡണ്ട് കപ്പ് ഉറുഗ്വേ നായകനു കൈമാറി.

1950 ജൂലൈ 16 മാരക്കാന ഒരു ദുരന്ത ഭൂമിയായി മാറി വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ഒരു ജനതയെ പൊട്ടിക്കരയിപ്പിക്കാൻ പഠിപ്പിച്ച നിമിഷം. നിരവധി വർഷങ്ങൾ പിന്നിട്ടിട്ടും 'മാരക്കാന ദുരന്തം' ബ്രസീലിന് ഇന്നും ഓർമ്മിക്കാനാവാത്ത ഏടായി അവശേഷിക്കുന്നു.

മാരക്കാന ദുരന്തത്തിന്റെ മറ്റൊരു തനി പകർപ്പായിരുന്നു 'ബെലെ ഹൊറിസോണ്ടി'. ബെലെ ഹൊറിസോണ്ടി എന്നു കേട്ടാൽ ഏതൊരു ബ്രസീൽ ആരാധകരുടെയും ഹൃദയം പിടയ്ക്കും, കണ്ണ് നിറയും. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് അന്ന് ബ്രസീലിന് അവിടെ സംഭവിച്ചത്. 2014ൽ ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പിലെ സെമിഫൈനൽ പോരാട്ടത്തിലായിരുന്നു ഫുട്‌ബോൾ ലോകമൊന്നാകെ അമ്പരന്ന സംഭവം. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന്റെ സെമിഫൈനലിൽ ജർമനിയോടേറ്റ നാണംകെട്ട തോൽവി.


ഹൃദയഭേദകമായിരുന്നു ആ തോൽവി. കടുത്ത ജർമ്മൻ ആരാധകൻ പോലും ആഗ്രഹിക്കാത്ത പരാജയം. തിയാഗോ സിൽവയും നെയ്മറുമില്ലാത്ത ബ്രസീലിയൻ നിസ്സഹായതയ്ക്ക് മേൽ ജർമ്മൻ ബൂട്ടുകൾ ഇടിത്തീയായി. കളിയുടെ ആദ്യ 10 മിനിറ്റിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. എന്നാൽ, പതിനൊന്നാം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ കാലുവച്ച മുള്ളർ വരാനിരിക്കുന്ന ഗോൾ മഴയുടെ ആദ്യ തുള്ളി ബ്രസീൽ വലയിൽ നിക്ഷേപിച്ചു. പിന്നീട് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ദയനീയമായ നിമിഷങ്ങൾ. 18 മിനിറ്റിനുള്ളിൽ ബ്രസീൽ വലയിൽ വിശ്രമിച്ചത് നാല് ഗോളുകൾ. ക്രൂസ് രണ്ട് തവണയും ക്ലോസെയും ഖെദീരയും ഓരോ തവണയും കാനറികളുടെ പെട്ടിയിൽ ആണിയടിച്ചു.


രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഷുർലെയുടെ ഊഴമായിരുന്നു. അറുപത്തിയൊൻപതാം മിനുട്ടിലും എഴുപത്തിയൊൻപതാം മിനുട്ടിലും ഷുർലെയുടെ ബൂട്ടുകളും ചരിത്രത്തിലേക്ക് പന്തടിച്ചു.

വെള്ളം മുഴുവൻ ഒഴുകിപ്പോയതിന് ശേഷം അണകെട്ടുന്നത് പോലെ തൊണ്ണൂറാം മിനിട്ടിൽ ഓസ്‌കറിലൂടെ ബ്രസീലിന്റെ ഏക ഗോൾ. ആർക്കും വേണ്ടാത്ത, ആരാലും ആഘോഷിക്കപ്പെടാത്ത ഗോൾ. ഒടുവിൽ ഒന്നര മണിക്കൂർ നീണ്ട കാത്തിരിപ്പിന് അറുതിവരുത്തി അവസാന വിസിൽ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് കാനറിപ്പടയുടെ തോൽവി.



ബ്രസീലിയൻ ജനതയ്ക്ക് ഫുട്‌ബോൾ ജീവനും ശ്വാസവുമാണ്. അത്രമേൽ ആ കളി അവരുടെ ജീവിതസാഹചര്യവുമായി ഇഴുകിചേർന്നിട്ടുണ്ട്. 1894ൽ ബ്രിട്ടീഷുകാർ ബ്രസീലിലേക്ക് കാൽപന്തുകളി കൊണ്ടു വരുമ്പോൾ അത് അവരുടെ ജീവിതത്തെ, സംസ്‌കാരത്തെ ഇത്രമേൽ മാറ്റിമറിക്കുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടാകുമോ? ഇന്നാകട്ടെ ബ്രസീലിനെ ഒഴിവാക്കി ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുക എന്നത് തന്നെ ദുഷ്‌കരമാണ്.അതുകൊണ്ടാണ് ഓരോ തോൽവിയും അവരെ അത്രമേൽ വേദനിപ്പിക്കുന്നതും

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - ദിബിൻ രമ ഗോപൻ

contributor

Similar News