ട്രഷറി തട്ടിപ്പ്: നടപടി കൂട്ടത്താക്കീത് മാത്രം

തട്ടിപ്പ് കണ്ടെത്തിയ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ താക്കീത് ചെയ്ത നടപടി ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തി

Update: 2021-01-19 16:01 GMT
Advertising

ട്രഷറി തട്ടിപ്പിലെ അച്ചടക്ക നടപടി കൂട്ടത്താക്കീതിലൊതുക്കി സര്‍ക്കാര്‍. ട്രഷറി ഡയറക്ടര്‍ എ. എം ജാഫര്‍ ഉള്‍പ്പെടെ 5 പേര്‍ക്കാണ് താക്കീത്. തട്ടിപ്പ് കണ്ടെത്തിയ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ താക്കീത് ചെയ്ത നടപടി ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിക്കിടയാക്കി.

ട്രഷറി തട്ടിപ്പില്‍ ധനവകുപ്പ് നിയോഗിച്ച അന്വേഷണസമിതി ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അച്ചടക്ക നടപടി കൂട്ടത്താക്കീതിലൊതുക്കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ട്രഷറി ഡയറക്ടര്‍ എ. എം ജാഫര്‍, ട്രഷറി സേവിംഗ്സ് ബാങ്ക് ആപ്ലിക്കേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, ജില്ല കോര്‍ഡിനേറ്റര്‍ മണി എന്നിവര്‍ക്കാണ് താക്കീത്.

വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസറായി വിരമിച്ച വി. ഭാസ്കരന്‍റെ യുസര്‍ ഐഡി ഉപയോഗിച്ചായിരുന്നു പ്രതി ബിജു ലാല്‍ ട്രഷറി തട്ടിപ്പ് നടത്തിയിരുന്നത്. വി ഭാസ്കരന്‍ വിരമിച്ച ശേഷം യൂസര്‍ ഐഡി അടക്കമുള്ളവ ഡീ ആക്ടിവേറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുന്നത്.

എന്നാല്‍ ട്രഷറി തട്ടിപ്പ് കണ്ടെത്തിയ വഞ്ചിയൂര്‍ ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ രാജ് മോഹന്‍ എസ് ജെയെ താക്കീത് ചെയ്യാനുള്ള ധനവകുപ്പിന്‍റെ തീരുമാനം വിചിത്ര നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അതേ കുറ്റമാണ് രാജ് മോഹനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നെന്ന സംശയം ആദ്യം ഉദ്യോഗസ്ഥരെ അറിയിച്ചത് രാജ് മോഹനായിരുന്നു. ധനവകുപ്പിന്‍റെ ഈ നടപടി ട്രഷറി ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിക്കിടയാക്കി. ഉന്നത ഉദ്യോഗസ്ഥരെയടക്കം താക്കീത് ചെയ്തെങ്കിലും ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് സംബന്ധിച്ചുള്ള നടപടിയെ കുറിച്ചും മുന്‍പ് പരാതികള്‍ ട്രഷറി ഡയറക്ട്രേറ്റില്‍ അട്ടിമറിച്ചതിനെ കുറിച്ചും ധനവകുപ്പിന്‍റെ ഉത്തരവില്‍ പരാമര്‍ശമില്ല.

Tags:    

Similar News