'ഇന്ത്യയില്‍ ജീവിക്കണോ? ജയ് ശ്രീറാം വിളിക്കണം': മമതയോട് ഹിന്ദുസേന

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ ഓഫീസിന് പുറത്താണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.

Update: 2021-01-25 15:13 GMT
Advertising

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഭീഷണിയുമായി ഹിന്ദുസേന. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ബിജെപി അനുകൂലികള്‍ ജയ്ശ്രീറാം മുഴക്കിയതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ ഓഫീസിന് പുറത്ത് ഹിന്ദുസേന പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.

ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ സൌത്ത് അവന്യു ഓഫീസിന് മുന്‍പില്‍ ഹിന്ദുസേന പോസ്റ്റര്‍ പതിച്ചത്. ഹിന്ദുസേന നേതാവ് ബാം താക്കൂറിന്‍റെ പ്രതികരണം ഇങ്ങനെ-

ശ്രീരാമന്‍ ഇന്ത്യക്കാരുടെ കുലപുരുഷനാണ്. അദ്ദേഹത്തിന്‍റെ പേര് ഉച്ചരിക്കാന്‍ പ്രയാസമുള്ളവര്‍ രാജ്യം വിടണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ.
ബാം താക്കൂര്‍

നേതാജി അനുസ്മരണ ചടങ്ങിനിടെയായിരുന്നു ജയ്ശ്രീറാം വിളി. മമത പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം മുഴക്കുകയായിരുന്നു. തുടര്‍ന്ന് മമത പ്രതിഷേധിച്ചു. ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. താന്‍ ഈ പരിപാടിയില്‍ ഇനിയൊന്നും സംസാരിക്കില്ലെന്നും മമത പറഞ്ഞു.

വിക്ടോറിയ മെമ്മോറിയലില്‍ നടന്ന സംഭവത്തെ കുറിച്ച് മമത പറഞ്ഞതിങ്ങനെ- "ഞാന്‍ നേതാജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. ചില മതഭ്രാന്തന്മാര്‍ എന്നെ കളിയാക്കി. അതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ മുന്‍പില്‍ വെച്ച്. അവര്‍ക്കെന്നെ ശരിക്കും അറിയില്ല. നേതാജിക്ക് അവര്‍ ജയ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അവരെ സല്യൂട്ട് ചെയ്തേനെ. പക്ഷേ അവര്‍ ബംഗാളിനെയും ടാഗോറിനെയുമൊക്കെ അപമാനിക്കുകയാണ് ചെയ്തത്".

Tags:    

Similar News