'മതിലിൽ മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കും'; പൊതുഇടങ്ങളില്‍ 'കാര്യം സാധിച്ചാല്‍' ഇനി പണികിട്ടും

ദുർഗന്ധം വമിക്കുന്ന തെരുവുകൾക്ക് ഈ നൂതന സാങ്കേതികവിദ്യ പരിഹാരം കാണുമെന്നാണ് വെസ്റ്റ് മിനിസ്റ്റർ സിറ്റി കൗൺസിൽ കരുതുന്നത്‌

Update: 2023-01-22 06:38 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: പൊതുസ്ഥലങ്ങളിലെ മതിലുകളിൽ മൂത്രമൊഴിക്കുന്നത് പലരുടെയും ശീലമാണ്. എത്രയൊക്കെ മുന്നറിയിപ്പ് ബോർഡുകൾ വെച്ചാലും ആരും പാലിക്കാറില്ല. തെരുവുകളിലുള്ള മൂത്രമൊഴിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് ലണ്ടൻ. രാത്രി ജീവിതത്തിന് പേരുകേട്ട ലണ്ടനിലെ സ്ഥലമാണ് സോഹോ. ബാറുകളും റസ്റ്ററന്റുകളും തിയേറ്ററുകളുമുള്ള ഇവിടെ ധാരാളം വിനോദ സഞ്ചാരികളും ഇവിടെ എത്താറുണ്ട്.

മാത്രമല്ല ആയിരക്കണക്കിന് പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടുത്തെ നിരത്തുകളിലെ മതിലുകളിൽ മൂത്രമൊഴിക്കുന്നതുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനത. അതിന് പരിഹാരവുമായാണ് ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ സിറ്റി കൗൺസിൽ.

ബാറുകൾ, റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, മറ്റ് വിനോദ വേദികൾ, അപ്പാർട്ടുമെന്റുകൾ, വീടുകൾ എന്നിവയുടെ മതിലുകൾ പ്രത്യേക സ്‌പ്രേ പെയിന്റു ഉപയോഗിക്കും.ആന്റി-പീ പെയിന്റ് എന്നാണ് ഇതിന്റെ പേര്. മതിലിലെ സുതാര്യമായ പ്രതലം ജല-വികർഷണ പാളി പ്രവർത്തിക്കും. അതുകൊണ്ട് മൂത്രമൊഴിച്ചാൽ ഒഴിച്ചയാളുടെ ദേഹത്തേക്ക് അത് തിരികെ വരും. നിരവധി തവണ പരീക്ഷണം നടത്തി ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക കൗൺസിലർ ഐച്ച ലെസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആന്റി-പീ പെയിന്റ് അടിച്ച ഭാഗങ്ങളിൽ മുന്നറിയിപ്പ് നോട്ടീസും പതിച്ചിട്ടുണ്ട്.

സോഹോയിലെ ഏകദേശം 3,000 നിവാസികളിൽ നിന്നും തൊഴിലാളികളിൽ നിന്നും ബിസിനസ്സ് നടത്തിപ്പുകാരിൽ നിന്നും ലഭിച്ച പരാതികളെ തുടർന്നാണ് വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിൽ ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി. പുതിയ രീതി ദുർഗന്ധം വമിക്കുന്ന തെരുവുകൾ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഏകദേശം 1.24 ദശലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഈ പുതിയ രീതി ഇനി ശുചീകരണ ചെലവ് കുറക്കുമെന്നാണ് അധികൃതരും പ്രതീക്ഷിക്കുന്നത്. ജർമ്മനിയിലെ ഒരു പ്രാദേശിക അതോറിറ്റി മുന്‍പ് ആന്റി-പീ പെയിന്റിങ്  പരീക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിച്ചാണ് സഹോയിലും ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News