ഗൂഗിളിൽ രണ്ട് പതിറ്റാണ്ട്; സന്തോഷം പങ്കുവെച്ച് സി.ഇ.ഒ സുന്ദർ പിച്ചൈ

2015ലാണ് പിച്ചൈ ഗൂഗിൾ സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ടത്

Update: 2024-04-28 06:07 GMT

കാലിഫോർണിയ: ഗൂഗിളിനൊപ്പം 20 വർഷം പിന്നിട്ട് സി.ഇ.ഒ സുന്ദർ പിച്ചൈ. 2004ൽ പ്രൊഡക്ട് മാനേജറായാണ് പിച്ചൈ കമ്പനിയിൽ ചേർന്നത്. 20 വർഷം പിന്നിട്ടതിന്റെ സന്തോഷം അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. തന്റെ പോസ്റ്റിൽ, കഴിഞ്ഞ 20 വർഷത്തെ യാത്രയുടെ ഒരു നേർക്കാഴ്ച അദ്ദേഹം വിവരിച്ചു.

'2004 ഏപ്രിൽ 26 ആയിരുന്നു ഗൂഗിളിലെ എന്റെ ആദ്യ ദിനം. അതിനുശേഷം ഒരുപാട് കാര്യങ്ങൾ മാറി- സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം, എന്റെ മുടി. മാറാത്തത് ഒന്നുമാത്രമാണ്- ഈ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആവേശം. 20 വർഷമായി, ഞാൻ ഇപ്പോഴും ഭാഗ്യവാനായാണ് എനിക്ക് തോന്നുന്നത്.'- പിച്ചൈ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising

പോസ്റ്റിന് നിരവധി പേർ അഭിനന്ദനം രേഖപ്പെടുത്തി.

ഗൂഗിളിൽ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ടീമിന്റെ മേൽനോട്ടം കൂടാതെ ക്രോം, ക്രോം ഒ.എസ് പോലുള്ള നവീകരണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ഗൂഗിൾ ഡ്രൈവ് രൂപപ്പെടുത്തുന്നതിൽ പിച്ചൈ പ്രധാന പങ്ക് വഹിച്ചു. 2015 ആഗസ്റ്റ് 10നാണ് ഗൂഗിളിന്റെ സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒയാണ് സുന്ദർ പിച്ചൈ.

ആൽഫബെറ്റിന്റെ ഡയറക്ടർ ബോർഡിലും അംഗമാണ്. വർഷങ്ങളായി വിവിധ നൂതന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കമ്പനിയെ നയിച്ചു. ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് സ്റ്റാൻഫോർഡ് ബിസിനസ് സ്‌കൂളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഗൂഗിളിന്റെ നേതൃസ്ഥാനത്തിലാണ് കലാശിച്ചത്.


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News