'ആരായിരിക്കും ആ 0.07% ആളുകള്‍'; 99.93% വോട്ട് നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിലേക്ക്, എതിർത്ത് വോട്ട് ചെയ്തവരെ തിരഞ്ഞ് നെറ്റിസൺസ്

1957-ന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ സുപ്രീം പീപ്പിൾസ് അസംബ്ലി തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2026-03-18 07:27 GMT
Editor : ലിസി. പി | By : Web Desk

പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വീണ്ടും അധികാരത്തിലേക്ക്. 15-ാമത് സുപ്രിം പീപ്പിൾസ് അസംബ്ലി തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് വൻ വിജയം. മാർച്ച് 15 ന്  നടന്ന തെരഞ്ഞെടുപ്പില്‍  99.93 ശതമാനം വോട്ടുകള്‍ നേടിയാണ് കിം ജോങ് ഉൻ വിജയിച്ചത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 99.99 ശതമാനം പേരും പങ്കെടുത്തു.  വോട്ടുചെയ്തവരിൽ 99.93 ശതമാനം പേർ സ്ഥാനാർഥികളെ പിന്തുണച്ചപ്പോൾ 0.07ശതമാനം പേർ എതിർത്ത് വോട്ട് ചെയ്തു.  1957-ന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ സുപ്രീം പീപ്പിൾസ് അസംബ്ലി തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

തെരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം, തൊഴിലാളികൾ, കർഷകർ, ബുദ്ധിജീവികൾ, സൈനികർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 687 പ്രതിനിധികളെയാണ് അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവരിൽ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങും ഉൾപ്പെടുന്നു. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാർഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇതിനെ "ഷോ തെരഞ്ഞെടുപ്പ്"  എന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം,എന്നാൽ ഇത്തവണ എതിർ വോട്ടിന്റെ ചെറിയ ശതമാനം പോലും പരസ്യമാക്കിയത് ഇന്റർനെറ്റിന് വലിയ ചര്‍ച്ചാവിഷയമായി. സോഷ്യൽ മീഡിയയുടെയും ലോകമെമ്പാടുമുള്ള നെറ്റിസൺമാരുടെയും ശ്രദ്ധ മുഴുവൻ കിമ്മിന് ലഭിച്ച 99.93 ശതമാനത്തിലല്ല, മറിച്ച് ബാക്കിയുള്ള എതിര്‍ വോട്ട് ചെയ്ത 0.07 ശതമാനത്തിലാണ്. കിമ്മിനെതിരെ വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച ആ 0.07 ശതമാനം ആളുകൾ ആരായിരിക്കും എന്നാണ് ഇന്റർനെറ്റ് ലോകം ചോദിക്കുന്നത്. 

ഉത്തരകൊറിയയിലെ തെരഞ്ഞെടുപ്പുകൾ എക്കാലത്തും ലോകത്തിന് കൗതുകമാണ്. രാജ്യത്ത് വോട്ട് ചെയ്യുക എന്നത് പൗരന്മാരുടെ നിർബന്ധിത കടമയാണ്. മിക്കവാറും ബാലറ്റ് പേപ്പറിൽ കിം ജോങ് ഉൻ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്നയാൾ ഒരേയൊരു സ്ഥാനാർഥി മാത്രമേ ഉണ്ടാകൂ. അതിനാൽ 100 ശതമാനം വോട്ടിങ്ങും 100 ശതമാനം വിജയവും അവിടെ സാധാരണമാണ്. എന്നിട്ടും ഇത്തവണ വോട്ട് 99.93 ശതമാനം ആയി എന്നതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. 'ആ 0.07 ശതമാനം ആളുകൾ ഇപ്പോഴും ജീവനോടെയുണ്ടോ?", "അവർക്കായി നമ്മൾ പ്രാർഥിക്കേണ്ടതുണ്ട്!,ആ 0.07% ഇപ്പോൾ രാജ്യത്തിലെ ഏറ്റവും വേണ്ടപ്പെട്ട  ആളുകളായി!"  എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയിയലെ കമന്‍റുകള്‍. 

അതേസമയം, സോഷ്യൽ മീഡിയയിൽ തമാശകൾ നിറയുന്നുണ്ടെങ്കിലും, ഈ 0.07 ശതമാനം എന്നത് കിമ്മിനെതിരെയുള്ള വോട്ടുകൾ ആകാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരോ, സമുദ്രയാത്രയിലുള്ളവരോ, കടുത്ത അസുഖം ബാധിച്ച് വോട്ട് ചെയ്യാൻ സാധിക്കാത്തവരോ ഒക്കെ ആകാം ആ ആളുകളെന്ന് ഒരു കൂട്ടര്‍ പറയുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുതാര്യവും യാഥാർഥ്യബോധമുള്ളതുമാണെന്ന് ലോകത്തെ കാണിക്കാൻ വേണ്ടി ഉത്തരകൊറിയൻ ഭരണകൂടം മനഃപൂർവം 100  ശതമാനം എന്നതിന് പകരം 99.93ശതമാനം എന്ന കണക്ക് പുറത്തുവിട്ടതാകാനും സാധ്യതയുണ്ടെന്നും ചിലര്‍ വാദിക്കുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News