കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്.

Update: 2024-04-29 10:37 GMT
Editor : banuisahak | By : Web Desk
Advertising

കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകർന്ന് 42 പേർ മരിച്ചു. രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഗവർണർ എഎഫ്‌പിയോട് പറഞ്ഞു. നകുരു കൗണ്ടിയിൽ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. വീടുകൾ ഒലിച്ചുപോവുകയും റോഡുകൾ പൂർണമായും തകരുകയും ചെയ്തു. 

ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും നകുരു ഗവർണർ സൂസൻ കിഹിക പറഞ്ഞു. അണക്കെട്ട് തകർന്ന് 42 പേർ മരിച്ചതോടെ കെനിയയിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. ഇതിനിടെ, , കിഴക്കൻ കെനിയയിലെ ടാന റിവർ കൗണ്ടിയിൽ ബോട്ടുമാറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. 23 പേരെ രക്ഷപ്പെടുത്തിയതായി കെനിയ റെഡ് ക്രോസ് അറിയിച്ചു.

വെള്ളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. 24,000 വീടുകളിൽ നിന്ന് 130,000ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. പലരും തലസ്ഥാനമായ നെയ്‌റോബിയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇടക്കാല അവധിക്ക് ശേഷം ഇന്നാണ് സ്‌കൂളുകൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, സ്ഥിതി ഗുരുതരമായതിനിടെ തുടർന്ന് വീണ്ടും അവധി പ്രഖ്യാപിക്കുകയായിരുന്നു. 

അയൽരാജ്യമായ ടാൻസാനിയയിലും മൺസൂൺ നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടാൻസാനിയയിൽ 155 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുറുണ്ടിയിൽ മാസങ്ങളായി തുടരുന്ന മഴയിൽ 96,000-ത്തോളം ആളുകൾ പലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയും സർക്കാരും ഈ മാസം ആദ്യം അറിയിച്ചു. ഉഗാണ്ടയിലും കനത്ത കൊടുങ്കാറ്റുണ്ടായിട്ടുണ്ട്.

എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കൻ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. എൽ നിനോ ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്കും മറ്റിടങ്ങളിൽ കനത്ത മഴയ്ക്കും കാരണമാകുന്നു.കഴിഞ്ഞ വർഷം അവസാനം, കെനിയ, സൊമാലിയ, എത്യോപ്യ എന്നിവിടങ്ങളിൽ മഴയിലും വെള്ളപ്പൊക്കത്തിലും 300ലധികം ആളുകൾ മരിച്ചിരുന്നു. നിലവിലെ സ്ഥിതി കെനിയയിലും അയൽ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News