വാഷിങ്ടണ്‍: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരെ(ആര്‍എസ്എസ്) ഉപരോധമേര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍. ഏത് മതം സ്വീകരിക്കാനും പൗരന് അവകാശമുള്ള ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഇവർ ഉത്തരവാദിയാണെന്നും അത്തരം സംഭവങ്ങളെ സഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസിനെതിരെ ലക്ഷ്യാധിഷ്ഠിത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ട്രംപ് ഭരണകൂടത്തോട് ശിപാര്‍ശ ചെയ്തത്. സംഘടനയുടെ ആസ്തികള്‍ മരവിപ്പിക്കണമെന്നും അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ സംഘടിതമായും തുടര്‍ച്ചയായും ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ നീക്കം. ഇന്ത്യയെ കരുതല്‍ വിഭാഗത്തില്‍ പെട്ട രാജ്യങ്ങളിലൊന്നായി പ്രഖ്യാപിക്കണമെന്നും ശിപാര്‍ശയില്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ വ്യക്തമാക്കി. ഇത് ഏഴാം തവണയാണ് കമ്മീഷന്‍ ഇത്തരത്തിലുള്ള ശിപാര്‍ശ നടത്തുന്നത്. ഇന്ത്യയുള്‍പ്പെടെ 18 രാജ്യങ്ങളെ കരുതല്‍ വിഭാഗത്തില്‍ പെട്ട രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും കമ്മീഷന്‍ ശിപാർശ ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്‍, മ്യാന്മര്‍, ചൈന, ക്യൂബ, എറിട്രിയ, ഇറാന്‍, ലിബിയ, നിക്കരാഗ്വ, നൈജീരിയ, വടക്കന്‍ കൊറിയ, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, വിയറ്റ്‌നാം എന്നിവയാണ് മറ്റുള്ളവ.
'ഇന്ത്യയിലെ മതസ്വാതന്ത്ര്യം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. സാഹചര്യങ്ങള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വഷളായിരിക്കുകയാണ്. മതന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതില്‍ പലതും ഇതിനോടകം നടപ്പില്‍ വരുത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണാധികാരികള്‍ പൗരന്മാരെയും മതവിശ്വാസികളെയും വ്യാപകമായി തടവിലാക്കുകയും നിയമവിരുദ്ധമായി പുറത്താക്കുകയുമാണ് ചെയ്യുന്നത്. ഭീകരവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെയും അവര്‍ക്കായി ശബ്ദമുയര്‍ത്തുന്നവരെയും നിശബ്ധമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു'. മതസ്വാതന്ത്ര്യ കമ്മീഷന്‍ വ്യക്തമാക്കി.
2020-ലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ളവര്‍ അറസ്റ്റിലായി അഞ്ചാം വര്‍ഷവും വിചാരണാ തടവുകാരായി ജയിലില്‍ കഴിയുന്നതും കമ്മീഷന്‍ വ്യക്തമാക്കി. വര്‍ഷം മുഴുവന്‍ മുസ്ലിം- ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ് ആര്‍എസ്എസെന്നും അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, ഗോമാംസം കഴിച്ചെന്നാരോപിച്ചുള്ള ആള്‍ക്കൂട്ട വിചാരണകളെയും കൊലപാതകങ്ങളെയും ശിപാര്‍ശയില്‍ പരാമര്‍ശിക്കാന്‍ മറന്നിട്ടില്ല.
എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടിനോട് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പോയവര്‍ഷം മാര്‍ച്ചില്‍ സമാനമായ രീതിയില്‍ കമ്മീഷന്‍ പുറത്തുവിട്ട ശിപാര്‍ശയോട് ഇത് തികച്ചും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചിരുന്നു.
നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി)യുടെ മാതൃസംഘടനയാണ് ആര്‍എസ്എസ്. യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ 2026 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഈ ശിപാര്‍ശ. മതസ്വാതന്ത്ര്യത്തിന്റെ സാര്‍വത്രിക അവകാശം നിരീക്ഷിക്കുകയും വൈറ്റ്ഹൗസിന് നയപരമായ ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയാണ് മതസ്വാതന്ത്ര്യ കമ്മീഷന്‍. നേരത്തെ, ഇന്ത്യയിലെ പൗരത്വ നിയമഭേദഗതി, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ഗോവധ നിരോധന നിയമങ്ങള്‍ എന്നിങ്ങനെ പൗരന്റെ സൈ്വര്യജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.