കാൽ നൂറ്റാണ്ടിനിടെ അമേരിക്ക നടത്തിയത് മൂന്ന് സമ്പൂ‍‍ർണയുദ്ധങ്ങൾ, 10 ലേറെ സൈനിക നടപടികൾ; നഷ്ടമായത് 9,40,000 ജീവനുകൾ

25 കൊല്ലത്തിനിടെ 5.8 ട്രില്യൺ (5,800,000,000,000) ഡോളറാണ് സൈനിക നടപടികൾക്കായി അമേരിക്ക ചിലവിട്ടിട്ടുള്ളത്

Update: 2026-03-04 05:49 GMT

വാഷിം​ഗ്ടൺ: ചിലവേറിയതും വിനാശകരവുമായ യുദ്ധങ്ങളിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം എന്നതായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേലുമായി ചേർന്ന് ഇറാനെ ആക്രമിച്ചതോടെ മുൻ​ഗാമികളുടെ പാത തന്നെയാണ് തന്റെയും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സൈനിക ശക്തിയെ ആശ്രയിക്കാം എന്ന മുൻ പ്രസിഡന്റുമാരുടെ നിലപാടിലേക്ക് ട്രംപും മാറി എന്നതിൻ്റെ തെളിവായിരുന്നു ഇറാനെ നേരെയുള്ള ആക്രമണം.

2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം മൂന്ന് സമ്പൂർണയുദ്ധങ്ങളിലാണ് അമേരിക്ക ഏർപ്പെട്ടിട്ടുള്ളത്. 10 ലേറെ രാജ്യങ്ങളിൽ സൈനിക നടപടി നടത്തിയിട്ടുമുണ്ട്. രഹസ്യ സൈനിക നീക്കങ്ങളും പ്രത്യേക ദൗത്യങ്ങളും ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ 25 വർഷത്തിനിടെ അമേരിക്കയുടടെ ആക്രമണങ്ങൾ 9,40,000 പേർ നേരിട്ട് കൊല്ലപ്പെട്ടിട്ടുണ്ട്. 5.8 ട്രില്യൺ (5,800,000,000,000) ഡോളറാണ് സൈനിക നടപടികൾക്കായി ഇതുവരെ അമേരിക്ക ചിലവിട്ടിട്ടുള്ളത്.

Advertising
Advertising

പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിന്റെ ആഘാതം

സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷാണ് ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പ്രഖ്യാപനം നടത്തിയത്. യുഎസ് വിദേശനയത്തെ അടിമുടി മാറ്റിയ ഈ ആഗോള സൈനിക കാമ്പയിൻ നിരവധി രാജ്യങ്ങളിൽ യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും വഴിതുറന്നു. ബ്രൗൺ സർവ്വകലാശാലയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിന്റെ പഠനമനുസരിച്ച്, 2001-ന് ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളിൽ അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇറാഖ്, സിറിയ, യമൻ തുടങ്ങിയ സംഘർഷ മേഖലകളിലായി ഏകദേശം 9,40,000 പേർ നേരിട്ട് കൊല്ലപ്പെട്ടിട്ടുണ്ട്. ഭക്ഷ്യക്ഷാമം, ആവശ്യത്തിന് ചികിത്സ കിട്ടായ്ക, യുദ്ധവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ മൂലമുണ്ടായ മരണങ്ങൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങൾക്കായി ഏകദേശം 5.8 ട്രില്യൺ ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. ഇതിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് ചെലവഴിച്ച 2.1 ട്രില്യൺ ഡോളർ, ഹോംലാൻഡ് സെക്യൂരിറ്റിക്കായി വകയിരുത്തിയ 1.1 ട്രില്യൺ ഡോളർ, ഡിഫൻസ് ബേസ് ബജറ്റ് വർദ്ധിപ്പിക്കുന്നതിനായി നീക്കിവെച്ച 884 ബില്യൺ ഡോളർ, വിമുക്തഭടന്മാരുടെ ചികിത്സയ്ക്കായി ചെലവാക്കിയ 465 ബില്യൺ ഡോളർ എന്നിവ ഉൾപ്പെടുന്ന കണക്കാണിത്. യുദ്ധങ്ങൾക്കായി എടുത്ത വായ്പകളുടെ പലിശയിനത്തിൽ മാത്രം ഒരു ട്രില്യൺ ഡോളർ അധികമായി നൽകേണ്ടി വന്നു. ഇതുവരെ ചെലവഴിച്ച 5.8 ട്രില്യൺ ഡോളറിന് പുറമെ, വരും വർഷങ്ങളിൽ വിമുക്തഭടന്മാരുടെ പരിചരണത്തിനായി മാത്രം അടുത്ത 30 വർഷത്തിനുള്ളിൽ ചുരുങ്ങിയത് 2.2 ട്രില്യൺ ഡോളർ കൂടി അമേരിക്കയ്ക്ക് ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2001 മുതലുള്ള യുഎസ് യുദ്ധങ്ങളുടെ ആകെ ചെലവ് 8 ട്രില്യൺ ഡോളറിലെത്തും.

അഫ്ഗാനിസ്താൻ യുദ്ധം (2001-2021)

സെപ്റ്റംബർ 11 ആക്രമണത്തോടുള്ള അമേരിക്കയുടെ ഏറ്റവും നേരിട്ടുള്ള പ്രതികരണമായിരുന്നു അഫ്​ഗാനിസ്താനിലെ യുദ്ധം. അൽ-ഖ്വയ്ദയെ തകർക്കുക, താലിബാനെ ഭരണത്തിൽ നിന്ന് പുറത്താക്കുക അഫ്​ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ അധിനിവേശത്തിന് പറഞ്ഞ ലക്ഷ്യം ഇതായിരുന്നു.

2001 ഒക്ടോബർ 7-നാണ് അമേരിക്ക 'ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം' എന്ന് പേരിട്ട സൈനിക നടപടി ആരംഭിച്ചത്. അധിനിവേശം ആരംഭിച്ച്

ആഴ്ചകൾക്കുള്ളിൽ തന്നെ താലിബാൻ ഭരണകൂടത്തെ താഴെയിറക്കാൻ സാധിച്ചു. എങ്കിലും, സായുധ പ്രതിരോധ ഗ്രൂപ്പുകൾ അമേരിക്കൻ-സഖ്യസേനയ്‌ക്കെതിരെ ദീർഘകാലം ശക്തമായ പോരാട്ടം തുടർന്നു. നാല് പ്രസിഡന്റുമാരുടെ ഭരണകാലം പിന്നിട്ട ഈ യുദ്ധം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷമായി മാറി. ഒടുവിൽ 2021ലാണ് അമേരിക്ക അഫ്​ഗാനിസ്ഥാനിൽ നിന്ന് പൂ‍ർണമായും പിൻവാങ്ങുന്നത്. 20 വർഷത്തിന് ശേഷം അമേരിക്ക പിൻവാങ്ങിയതോടെ താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തു.

ബ്രൗൺ സർവ്വകലാശാലയുടെ 'കോസ്റ്റ്സ് ഓഫ് വാർ' പ്രോജക്റ്റിന്റെ കണക്കനുസരിച്ച് യുദ്ധത്തിൽ 2,41,000 പേർ നേരിട്ട് കൊല്ലപ്പെട്ടിട്ടുണ്ട്. പട്ടിണി, രോഗം, പരിക്കുകൾ എന്നിവ കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ ഭൂരിഭാ​ഗവും സാധാരണക്കാരായിരുന്നു. അത് ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. യുദ്ധത്തിൽ അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും 3,586 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് മാത്രം 2.26 ട്രില്യൺ ഡോളറാണ് അഫ്ഗാൻ യുദ്ധം മൂലമുണ്ടായ ഏകദേശ ചിലവ്.

ഇറാഖ് യുദ്ധം (2003-2011)

2003 മാർച്ച് 20-ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഇറാഖിൽ രണ്ടാമതൊരു യുദ്ധം കൂടി ആരംഭിച്ചു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈവശം വിനാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നാരോപിച്ചായിരുന്നു യുദ്ധപ്രഖ്യാപനം. ഇത് തെറ്റാണെന്ന് പിന്നീട് വ്യക്തമായി. 2003 മെയ് 1-ന് പ്രധാന സൈനിക നടപടികൾ അവസാനിച്ചതായും ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായും ബുഷ് പ്രഖ്യാപിച്ചു. എന്നാൽ, പിന്നീടുള്ള വർഷങ്ങൾ സായുധ സംഘങ്ങളുടെ ആക്രമണങ്ങൾക്കും അധികാരമില്ലാത്ത അരാജക അവസ്ഥക്കും കാരണമായി. ഇത് ഐഎസ്ഐഎസിൻ്റെ വളർച്ചക്ക് കാരണമായി. 2008-ൽ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ബുഷ് സമ്മതിക്കുകയും 2011-ൽ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് അത് പൂർത്തിയാവുകയും ചെയ്തു.

ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട യുദ്ധങ്ങളല്ലെങ്കിലും വിവിധ രാജ്യങ്ങളിൽ അമേരിക്ക് വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പാകിസ്ഥാനിലെ ഗോത്രമേഖലകളിൽ ഒളിഞ്ഞിരിക്കുന്ന അൽ-ഖ്വയ്ദ, താലിബാൻ നേതാക്കളെ ലക്ഷ്യമിട്ട് സിഐഎ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ബരാക് ഒബാമ തന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ പാകിസ്ഥാനിലെ ഡ്രോൺ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചു. സൊമാലിയയിലെ അൽ-ഖ്വയ്ദ ഗ്രൂപ്പുകൾക്ക് നേരെയും അമേരിക്ക വ്യോമാക്രമണം നടത്തി. പിന്നീട് അൽ-ഷബാബ് ശക്തമായതോടെ അവരെയും ലക്ഷ്യമിട്ടു. യമനിൽ അൽ-ഖ്വയ്ദ നേതാക്കളെ ഇല്ലാതാക്കാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യുഎസ് സേന നടത്തി.

ലിബിയൻ ഇടപെടൽ

2011-ൽ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിക്കെതിരായ പ്രക്ഷോഭത്തിനിടെ, നാറ്റോ നേതൃത്വത്തിലുള്ള ഇടപെടലിൽ അമേരിക്കയും പങ്കുചേർന്നു. വ്യോമ നിരോധന മേഖല നടപ്പിലാക്കുന്നതിനായി അമേരിക്കൻ സേന വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തി. ഗദ്ദാഫി പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് ലിബിയ കടുത്ത അസ്ഥിരതയിലേക്കും ആഭ്യന്തര കലഹങ്ങളിലേക്കും കൂപ്പുകുത്തി.

ഇറാഖും സിറിയയും

ഐസിസിനെ പരാജയപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2014 മുതൽ അമേരിക്ക സിറിയൻ യുദ്ധത്തിൽ ഇടപെട്ടു. ഇറാഖിലെ പോരാട്ടത്തിന് പിന്നാലെ, പ്രാദേശിക സഖ്യകക്ഷികളെ സഹായിച്ചുകൊണ്ട് സിറിയയിൽ അമേരിക്ക തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News