'200 ശതമാനം തീരുവയെന്ന് പറഞ്ഞു, ഉടന്‍ യുദ്ധം നിര്‍ത്തി, അപ്പോഴേക്കും 11 വിമാനം വീണു'; ഇടപെട്ടത് താനെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തൻ്റെ ഇടപെടലിലൂടെയാണെന്ന് ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ ട്രംപ്

Update: 2026-02-20 06:01 GMT

വാഷിങ്ടണ്‍ ഡിസി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 200 ശതമാനം തീരുവ ചുമത്തുമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും താന്‍ പറഞ്ഞു. ഉടന്‍ ഇരുവരും യുദ്ധം നിര്‍ത്തിയെന്നും ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ ട്രംപ് പറഞ്ഞു. അപ്പോഴേക്കും 11 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന പുതിയ വാദവും ട്രംപ് ഉയര്‍ത്തി.

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതിനിടെയാണ് താന്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ അനേകം തവണ ട്രംപ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

Advertising
Advertising

'നിങ്ങള്‍ ഏറ്റുമുട്ടല്‍ തുടരുകയാണെങ്കില്‍ രണ്ട് രാജ്യങ്ങള്‍ക്കും ഞാന്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞു. രണ്ടു രാജ്യങ്ങളും കനത്ത പോരാട്ടമായിരുന്നു. പണത്തിന്റെ കാര്യം പോലെ മറ്റൊന്നും ഇല്ല. പണം നഷ്ടമാകും എന്ന സാഹചര്യമുണ്ടായതും യുദ്ധം നിര്‍ത്താമെന്ന് അവര്‍ പറഞ്ഞു.' -ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ ട്രംപ് പറഞ്ഞു. കടുത്ത വ്യോമപോരാട്ടമാണ് നടന്നതെന്നും 11 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിലയേറിയ വിമാനങ്ങള്‍ വീണെന്നാണ് ട്രംപ് പറഞ്ഞത്. 'യുദ്ധം ശക്തമായി പോകുകയായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുന്നുണ്ട്. 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു. വിലയേറിയ വിമാനങ്ങള്‍. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ചു. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാം. നിങ്ങള്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ ഞങ്ങള്‍ വ്യാപാരം നിര്‍ത്തുമെന്ന് രണ്ടുപേരോടും പറഞ്ഞു. ഉടന്‍ ഒരു ധാരണയിലെത്തി. എല്ലാം പെട്ടെന്നായിരുന്നു' -ട്രംപ് പറഞ്ഞു. രണ്ടരക്കോടി ജീവനുകള്‍ താന്‍ രക്ഷിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി കൈക്കൊണ്ടിരുന്നു. പാകിസ്ഥാനിലെ വിവിധ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം അവര്‍ക്ക് കനത്ത നാശമുണ്ടാക്കുകയും ചെയ്തു. ഇതിന് പിന്നാലെ മേയ് 10നാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇതില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ഇന്ത്യ തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. ഇരുസൈന്യത്തിന്റെയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ ചര്‍ച്ച ചെയ്താണ് വെടിനിര്‍ത്തലിലെത്തിയത് എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News