ട്രംപിൻ്റേത് സ്ഥിരതയില്ലാത്തയാളുടെ ജല്‍പനം, യുഎസ് കോണ്‍ഗ്രസ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണം : ബേണി സാന്‍ഡേഴ്‌സ്
'ഇറാനില്‍ യുദ്ധം തുടങ്ങിവെച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതാണ് ഈസ്റ്റര്‍ ദിവസത്തില്‍ യുഎസ് പ്രസിഡൻ്റിൻ്റെ വായില്‍ നിന്നുള്ള വാക്കുകള്‍'
വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് നേരെ ഇന്നലെ മുഴക്കിയ യുദ്ധഭീഷണി അപകടകാരിയായ, മാനസിക സ്ഥിരതയില്ലാത്ത ഒരാളുടെ ജല്‍പനമാണെന്നും യുഎസ് കോണ്‍ഗ്രസ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്.
'ഇറാനില്‍ യുദ്ധം തുടങ്ങിവെച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതാണ് ഈസ്റ്റര്‍ ദിവസത്തില്‍ യുഎസ് പ്രസിഡന്റിന്റെ വായില്‍ നിന്നുള്ള വാക്കുകള്‍. അപകടകാരിയായ, മാനസിക സ്ഥിരതയില്ലാത്ത ഒരാളുടെ ജല്‍പനമാണിത്. കോണ്‍ഗ്രസ് ഇടപെടാനുള്ള സമയമായി. ഈ യുദ്ധം അവസാനിപ്പിക്കണം' -ബേണി സാന്‍ഡേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
യുദ്ധവെറിയും അസഭ്യവാക്കുകളും നിറഞ്ഞ പ്രസ്താവനയാണ് ഇന്നലെ ട്രംപ് ഇറാനെതിരെ നടത്തിയത്. 48 മണിക്കൂര്‍ അന്ത്യശാസനത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്നാണ് മുന്നറിയിപ്പ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ട്രംപിന്റെ ഭീഷണിക്കോ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനോ വഴങ്ങില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. തല്‍ക്കാലിക വെടിനിര്‍ത്തല്‍ യുഎസിന് യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂര്‍ണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഹോര്‍മുസ് തുറക്കില്ല. അന്ത്യശാസനം നല്‍കി തീരുമാനമെടുപ്പിക്കാനുള്ള യുഎസിന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വ്യക്തമാക്കി.