'യുഎസിനെയും ഇസ്രായേലിനെയും ആക്രമിക്കാന്‍ ഇറാന് ആയുധങ്ങള്‍ നല്‍കുന്നത് ഉത്തര കൊറിയ'; ആരോപണവുമായി അമേരിക്കന്‍ നിരീക്ഷകന്‍
ഇസ്രായേലും യുഎസും ഇറാൻ്റെ രാഷ്ട്രീയ വ്യവസ്ഥയെയും അഖണ്ഡതയും ലംഘിക്കുകയാണെന്ന് ഉത്തര കൊറിയ നേരത്തെ പ്രതികരിച്ചിരുന്നു
വാഷിങ്ടണ്‍ ഡിസി: ഇസ്രായേലിനെയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളെയും ആക്രമിക്കാന്‍ ഇറാന് മിസൈലുകള്‍ നല്‍കുന്നത് ഉത്തര കൊറിയയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബ്രൂസ് ബെക്തുള്‍. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളില്‍ വലിയൊരു പങ്ക് ഉത്തര കൊറിയ വികസിപ്പിച്ചതാണെന്ന് ഫോക്‌സ് ന്യൂസിലെ ചര്‍ച്ചയില്‍ ബ്രൂസ് ബെക്തുള്‍ അഭിപ്രായപ്പെട്ടു.
'ഡീഗോ ഗാര്‍ഷ്യ ദ്വീപിലേക്ക് ഇറാന്‍ തൊടുത്ത മധ്യദൂര മിസൈല്‍ ഉത്തര കൊറിയയുടെ ഹ്വാസങ്-10 മിസൈലാണ്. 2005ല്‍ ഉത്തര കൊറിയയില്‍ നിന്ന് ഇത്തരം 19 മിസൈലുകളാണ് ഇറാന്‍ വാങ്ങിയത്. ഇത്രയേറെ ദൂരം ലക്ഷ്യമിടാനുള്ള ശേഷി ഇറാന് അന്നുമുതലേ ഉണ്ടായിരുന്നു' -ബെക്തുള്‍ പറഞ്ഞു. ഇറാനും ഉത്തര കൊറിയയും തെമ്മാടി രാഷ്ട്രങ്ങളാണെന്നും ഇവര്‍ക്കിടയില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും വാദിച്ച് 'തെമ്മാടി രാഷ്ട്രങ്ങള്‍; ഇറാനും ഉത്തരകൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം' എന്ന പുസ്തകമെഴുതിയ ആളാണ് ബെക്തുള്‍.
ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുക്കുന്ന മിസൈലുകളില്‍ ചിലത് ഉത്തര കൊറിയയുടെ സഹകരണത്തോടെ വികസിപ്പിച്ചതാണെന്ന് ഇദ്ദേഹം വാദിക്കുന്നു. ഇറാന്റെ ഷഹബ്-3 മിസൈല്‍ ഉത്തര കൊറിയയുടെ നൊ ഡോങ് മിസൈലിന്റെ തനി പകര്‍പ്പാണ്. 1990കളുടെ അവസാനത്തില്‍ 150 നൊ ഡോങ് മിസൈലുകള്‍ ഉത്തര കൊറിയ ഇറാന് നല്‍കിയിട്ടുണ്ട്. മറ്റ് വിവിധ മിസൈലുകള്‍ നിര്‍മിക്കാനും ഇറാന് ഉത്തര കൊറിയയുടെ സഹായം ലഭിച്ചിട്ടുണ്ട്. ഉത്തര കൊറിയ വില്‍പ്പനക്കാരനും ഇറാന്‍ ഉപഭോക്താവുമാണ്. പണവും എണ്ണയും നല്‍കിയാണ് ഇറാന്‍ മിസൈലുകള്‍ സ്വന്തമാക്കുന്നത് -ബ്രൂസ് ബെക്തുള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇറാന്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തതിനെ അംഗീകരിക്കുന്നതായി ഉത്തര കൊറിയ പ്രതികരിച്ചിരുന്നു. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാനിയന്‍ ജനതയുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നതായും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്കയും ഇസ്രയേലും മേഖലയിലെ സമാധാനവും സുരക്ഷയും നശിപ്പിക്കുകയാണ്. അവര്‍ ലോകവ്യാപകമായി അസ്ഥിരത വര്‍ധിപ്പിക്കുന്നു. ഇസ്രയേലും യുഎസും ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയും ലംഘിക്കുകയാണെന്നും ഉത്തര കൊറിയ പ്രതികരിച്ചിരുന്നു.