ട്രംപിനെ തള്ളി നാറ്റോ അംഗങ്ങള്‍; യുദ്ധത്തില്‍ പങ്കാളിയാവില്ലെന്ന് യുകെ, ഹോര്‍മുസിലേക്ക് സൈന്യത്തെ വിടില്ലെന്ന് ജര്‍മനിയും ഗ്രീസും

ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് ഇറ്റലി

Update: 2026-03-16 14:46 GMT

ലണ്ടന്‍: യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ യുകെ ഭാഗമാകില്ല. പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും ഗ്രീസും നിലപാടെടുത്തു. ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. ഹോര്‍മുസില്‍ ഇടപെടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങള്‍ ആവശ്യം തള്ളി രംഗത്തെത്തിയത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായി.

Advertising
Advertising

മേഖലയിലെ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും സ്വയം പ്രതിരോധവും സഖ്യകക്ഷികളെ സംരക്ഷിക്കലും യുകെയുടെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍, വിശാലമായ ഒരു യുദ്ധത്തിലേക്ക് സ്വയം വലിച്ചിഴക്കില്ല. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ നാറ്റോ സൈനിക സഖ്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് ജര്‍മനിയുടെ വക്താവ് പറഞ്ഞു. ജര്‍മനി യുദ്ധത്തിനായി സൈനികരെ അയക്കുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനികമായി ഇടപെടുകയോ ചെയ്യില്ല -വക്താവ് പറഞ്ഞു. തങ്ങളും ഹോര്‍മുസില്‍ സൈനികമായി ഇടപെടില്ലെന്ന് ഗ്രീക്ക് വക്താവ് പാവ്‌ലോസ് മരിനാകിസ് പറഞ്ഞു. ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നും ഇറ്റലി സൈനിക ഇടപെടല്‍ നടത്തില്ലെന്നും വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറന്ന് എണ്ണ വിതരണം സുഗമമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്ക്ക് മോശം ഭാവിയുണ്ടാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. സഖ്യരാഷ്ട്രങ്ങള്‍ ഇടപെടുന്നില്ലെന്നും ഹോര്‍മുസിന്റെ സുരക്ഷക്ക് യുഎസ് മാത്രമേ ഇടപെടുന്നുള്ളൂ എന്നുമാണ് ട്രംപിന്റെ വാദം. ഇടപെടാനുള്ള ആവശ്യം പ്രധാന നാറ്റോ കക്ഷികള്‍ തള്ളിയതോടെ യുദ്ധത്തില്‍ ട്രംപും ഇസ്രായേലും ഒറ്റപ്പെട്ടിരിക്കുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News