പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അനുവദിക്കില്ല: പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് താലിബാന്‍

പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാം

Update: 2021-09-13 03:31 GMT
Advertising

അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറത്തിറക്കി. പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വസ്ത്രധാരണം നിര്‍ബന്ധമാക്കും. പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാം. വിദ്യാഭ്യാസ മന്ത്രാലയം കോളജുകളിലെ സിലബസ് പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. താലിബാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.

പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്​ദുൽ ബാഖി ഹഖാനിയാണ്​ വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്​. ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്​സുകളിൽ പെൺകുട്ടികൾക്ക്​ പഠനം പുനരാരംഭിക്കാം. എന്നാൽ ശിരോവസ്​ത്രം അടക്കമുള്ള വസ്​ത്രധാരണം നിർബന്ധമാണ്​. അതേസമയം പെൺകുട്ടികൾ മുഖം മറയ്​ക്കണോ എന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.

അഫ്​ഗാനിൽ താലിബാൻ അധികാരമേറ്റാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. താലിബാൻ അധികാരം പിടിച്ചെടുക്കുമെന്ന്​ ഉറപ്പായപ്പോൾ തന്നെ പല ക്ലാസ്​മുറികളിലും ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട്​ വേർതിരിച്ചുള്ള പഠനം നിലവില്‍വന്നു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ യൂണിവേഴ്സിറ്റികളിലെ ബിരുദധാരികളോട് കിടപിടിക്കുന്ന വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പുറ​കോട്ട്​ നടക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോഴുള്ളതിൽ നിന്ന്​ മുന്നോട്ടു പോകാനാണ്​ ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News