അതിർത്തി അടച്ചു; റഫയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ

മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

Update: 2024-05-07 07:10 GMT

ഗസ്സ: റഫാ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ. റഫയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തതായി ഇസ്രായേൽ സേന അറിയിച്ചു. റഫയിലേക്ക് ഇസ്രായേൽ സൈനിക ടാങ്കുകൾ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി റഫയിലെ ജനവാസമേഖലയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം.

മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച മൂന്നുഘട്ട വെടിനിർത്തൽ കരാർ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയിരുന്നു. സ്ഥിരമായ വെടിനിർത്തൽ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഉൾപ്പെടുന്നത്.

Advertising
Advertising

വടക്കൻ ഗസ്സയെയും തെക്കൻ ഗസ്സയെയും വിഭജിക്കുന്ന തരത്തിൽ ഇസ്രായേൽ നിർമിച്ച ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിൻവാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതും ഈ ഘട്ടത്തിൽ അനുമതി നൽകും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഒരു ബന്ദിക്ക് പകരം 50 ഫലസ്തീൻ തടവുകാരെ വീതം ഇസ്രായേൽ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവർക്ക് പകരം വിട്ടയക്കുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തിൽ ഇരുപക്ഷവും സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കുകയും ചെയ്യും.

വെടിനിർത്തൽ കരാർ തങ്ങളുടെ ആവശ്യങ്ങളോട് ബഹുദൂരം അകലെയാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. എങ്കിലും ചർച്ചകൾക്കായി ഒരു പ്രതിനിധിസംഘത്തെ കെയ്‌റോയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയുടെ മറ്റു ഭാഗങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളാണ് റഫയിലുള്ളത്. ഇവിടെ ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ സേന ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 34,735 ആളുകളാണ് കൊല്ലപ്പെട്ടത്. 78,108 പേർക്ക് പരിക്കേറ്റു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News