ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി യു.എസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോര്‍ട്ട്

ഇസ്രായേലിലേക്കുള്ള നിർദിഷ്ട ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യുഎസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

Update: 2024-05-08 06:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍:  ഗസ്സ നഗരമായ റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്‍റെ നീക്കങ്ങളെ എതിർത്ത് രാജ്യത്തേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് യു.എസ് കഴിഞ്ഞയാഴ്ച താൽക്കാലികമായി നിർത്തിവച്ചതായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇസ്രായേലിലേക്കുള്ള നിർദിഷ്ട ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യുഎസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

''റഫയിലെ സ്ഥിതിഗതികൾ വഷളായി, ലക്ഷക്കണക്കിന് ഫലസ്തീൻ സിവിലിയന്മാർ ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ യുദ്ധത്തിൽ നിന്ന് അഭയം തേടുന്നു.റഫയിൽ ഇസ്രായേൽ സേനയുടെ പൂർണ്ണ തോതിലുള്ള ആക്രമണം തടയാൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന്'' ഉദ്യോഗസ്ഥന്‍ പറഞ്ഞു."ഒരു ദശലക്ഷത്തിലധികം ആളുകൾ മറ്റെവിടെയും പോകാൻ കഴിയാതെ അഭയം പ്രാപിക്കുന്ന റഫയിൽ ഇസ്രായേൽ ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തേണ്ടതില്ലെന്നതാണ് യുഎസ് നിലപാട്," ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ 1,800 2,000 പൗണ്ട് (907-കിലോ) ബോംബുകളും 1,700 500 പൗണ്ട് ബോംബുകളും ഉൾപ്പെടുന്നുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ സാധാരണക്കാരുടെ മാനുഷിക ആവശ്യങ്ങളെക്കുറിച്ച് യു.എസ് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ വൈറ്റ് ഹൗസോ പെന്‍റഗണോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഏപ്രിലിൽ, വാഷിംഗ്ടൺ ഇസ്രായേലിനായി 15 ബില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് അംഗീകാരം നൽകിയിരുന്നു. 'സുപ്രധാന പിന്തുണ' എന്നാണ് ബൈഡന്‍ അതിനെ വിശേഷിപ്പിച്ചത്.

അതിനിടെ ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു. റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു.ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News