വിഭജനം വഴിപിരിയിച്ചു; നീണ്ട 74 വർഷങ്ങൾക്കുശേഷം അതിര്‍ത്തിയില്‍ സഹോദരങ്ങളുടെ പുനസ്സമാഗമം

പാകിസ്താന്റെ ഭാഗത്ത് കുടുംബത്തോടൊപ്പം സിദ്ദീഖിനെ കാത്തിരിക്കുകയായിരുന്നു ഹബീബ്. ഒടുവിൽ തൊട്ടുമുന്നിൽവന്നുനിന്നപ്പോൾ രണ്ടുപേർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു

Update: 2022-01-13 11:44 GMT
Editor : Shaheer | By : Web Desk
Advertising

നീണ്ട 74 വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ കണ്ണീരണിഞ്ഞ് പുനസ്സമാഗമം. വിഭജനകാലത്ത് ഇന്ത്യ-പാക് അതിർത്തികൾക്കപ്പുറമിപ്പുറം വേർപ്പെട്ടുപോയ സഹോദരങ്ങളുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് രണ്ടുദിവസമായി സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ മുഹമ്മദ് സിദ്ദീഖും ഇന്ത്യയുടെ ഭാഗമായ പഞ്ചാബിൽ കഴിയുന്ന മുഹമ്മദ് ഹബീബും കുടുംബവുമാണ് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പരസ്പരം കണ്ടത്. 2019ൽ ഇന്ത്യയും പാകിസ്താനും ചേർന്ന് തുറന്ന കർതാർപൂർ ഇടനാഴിയാണ് ഈ അപൂർവസംഗമത്തിന് സാക്ഷിയായത്.

Full View

1947ൽ വിഭജനകാലത്ത് ചെറിയ കുഞ്ഞായിരുന്നു മുഹമ്മദ് സിദ്ദീഖ്. കുടുംബത്തോടൊപ്പം സിദ്ദീഖ് പാകിസ്താനിലെത്തിയപ്പോൾ ജ്യേഷ്ഠന്‍ ഹബീബിന് അവർക്കൊപ്പം ചേരാനായിരുന്നില്ല. രണ്ടായി വേർപിരിഞ്ഞ ഇവർക്കിടയിൽ പിന്നീട് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കുറച്ചുമുൻപാണ് സമൂഹമാധ്യമങ്ങൾ വഴി രണ്ടുഭാഗത്തുമുള്ള കുടുംബങ്ങൾ പരിചയപ്പെടുന്നത്. പിന്നാലെ കർതാർപൂർ ഇടനാഴിവഴി സഹോദരങ്ങളുടെ കൂടിക്കാഴ്ചയ്ക്കുള്ള അവസരവുമൊരുക്കുകയായിരുന്നു ഇവർ.

കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ച കാഴ്ചയായിരുന്നു അത്. പാകിസ്താന്റെ ഭാഗത്ത് കുടുംബത്തോടൊപ്പം സിദ്ദീഖിനെ കാത്തിരിക്കുകയായിരുന്നു ഹബീബ്. ഒടുവിൽ തൊട്ടുമുന്നിൽവന്നുനിന്നപ്പോൾ രണ്ടുപേർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കർത്താർപൂർ ഇടനാഴിവഴി ഇങ്ങനെയൊരു അവസരമൊരുക്കിയ ഇരുരാജ്യങ്ങളുടെയും സർക്കാരുകൾക്ക് നന്ദി പറഞ്ഞു അവർ. ഇനിയും ഇവിടെ കണ്ടുമുട്ടാമെന്ന വാക്കുനൽകിയാണ് സിദ്ദീഖും ഹബീബും തിരികെമടങ്ങിയത്.

നാല് കി.മീറ്റർ നീളമുള്ള സിഖ് തീർത്ഥാടകപാതയാണ് കർതാർപൂർ ഇടനാഴി. പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, ഇന്ത്യയുടെ ഭാഗമായ പഞ്ചാബിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ചാണ് ഈ ഇടനാഴി നിർമിച്ചത്. ഇരുരാജ്യങ്ങളിലെയും സിഖ് തീർത്ഥാടകർക്കായാണ് ഇത് സജ്ജമാക്കിയത്. ഇന്ത്യാ-പാക് ചർച്ചകൾക്കൊടുവിൽ ദിവസം വിസയില്ലാതെ 5,000ത്തോളം പേർക്ക് ഈ ഇടനാഴി വഴി ഇരുരാജ്യങ്ങളിലെ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാനാകും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News