യു.എസില്‍ ഫലസ്തീൻ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭം പടരുന്നു; 400 ഓളം പേർ അറസ്റ്റിൽ

കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി

Update: 2024-05-02 02:28 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോര്‍ക്ക്: യുഎസിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിക്കുന്നു. പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമം.24 മണിക്കൂറിനിടെ വിദ്യാർഥികളുൾപ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി. കൊളംബിയ സർവകലാശാലയിൽ 109 വിദ്യാർഥികളും സിറ്റി കാമ്പസിൽ 173 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു.

ടെക്‌സസ് യൂണിവേഴ്‌സിറ്റി,കാലിഫോർണിയ യൂണിവേഴ്‌സിറ്റി,ലോസാഞ്ചലസ് യൂണിവേഴ്‌സിറ്റി തുടങ്ങി അമേരിക്കയിലെ മുഴുവൻ കാമ്പസുകളിലും പൊലീസ് കയറുകയും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാൻ ഇസ്രായേൽ അനുകൂല സംഘവും എത്തുന്നുണ്ട്. ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ഗസയിൽ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസ മുനമ്പിൽ 34,000 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിൽ നിന്ന് യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം.

യുഎസിലെ യൂണിവേഴ്‌സിറ്റി കാമ്പസുകളിലുടനീളമുള്ള ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ പിരിച്ചുവിടാനും തകർക്കാനും എടുത്ത 'കടുത്ത നടപടികളിൽ' യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സമൂഹത്തിന് മൗലികമാണ്, പ്രത്യേകിച്ചും അധിനിവേശ ഫലസ്തീൻ പ്രദേശത്തും ഇസ്രയേലിലും സംഘർഷം നിലനിൽക്കുന്നത് പോലെ പ്രധാന വിഷയങ്ങളിൽ കടുത്ത വിയോജിപ്പുണ്ടെങ്കിൽ, ''യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News