Quantcast

'ഈ പുലി കൂടെയുള്ളതു കൊണ്ടാണ് പ്രീസ്റ്റ് തിയേറ്ററിലെത്തിയത്'; മമ്മൂട്ടി തന്ന ധൈര്യത്തെ കുറിച്ച് നിർമാതാവ് ആന്റോ ജോസഫ്

"മമ്മൂക്ക തന്ന ധൈര്യമാണ് ഈ സിനിമ തിയേറ്ററിലെത്തിച്ചത്. അല്ലെങ്കിൽ ഞാൻ മറിച്ചു ചിന്തിച്ചേനെ"

MediaOne Logo

  • Published:

    12 March 2021 3:13 PM IST

ഈ പുലി കൂടെയുള്ളതു കൊണ്ടാണ് പ്രീസ്റ്റ് തിയേറ്ററിലെത്തിയത്; മമ്മൂട്ടി തന്ന ധൈര്യത്തെ കുറിച്ച് നിർമാതാവ് ആന്റോ ജോസഫ്
X

കൊച്ചി: ദ പ്രീസ്റ്റ് സിനിമ ഒടിടി റിലീസ് ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും തിയേറ്ററിലെത്തിക്കാനുള്ള ധൈര്യം തന്നത് മമ്മൂട്ടിയാണ് എന്നും നിർമാതാവ് ആന്റോ ജോസഫ്. 'ഈ പുലി കൂടെയുള്ളതു കൊണ്ടാണ് ഞാനീ സിനിമ തിയേറ്ററിലെത്തിക്കാൻ ധൈര്യം കാണിച്ചത്' എന്നാണ് ആന്റോ പറഞ്ഞത്. സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദൈവം തന്നൊരു വിജയമാണിത്. ടെൻഷൻ വരുമ്പോൾ ഞാൻ മമ്മൂക്കയോട് ചോദിക്കും. മമ്മൂക്ക ഒടിടി നല്ല വില പറയുന്നുണ്ട്. ഞാനൊന്ന് ആലോചിച്ചോട്ടെ എന്ന്. പറയുമ്പോഴൊക്കെ മമ്മൂക്ക നിനക്ക് ടെൻഷനാണെങ്കിൽ ആലോചിക്ക്. പക്ഷേ, നമ്മളത് ചെയ്യുന്നത് ശരിയാണോ എന്നൊരു ചോദ്യം ചോദിക്കുമ്പോൾ ഞാനൊന്നു കൂടെ പതറും. അപ്പോ മമ്മൂക്ക പറയും. നീ ധൈര്യമായിട്ടിരിക്ക്. സിനിമ ഇനിയും ലൈവാകുന്ന കാലം വരും. ഞാനുണ്ടല്ലോ കൂടെ. ഈ സിനിമ പ്രേക്ഷകർ തിയേറ്ററിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഇത് തിയേറ്റർ എക്‌സ്പീരിയൻസ് ആണ്. ഒരു പുതുമുഖ സംവിധായകന്റെ പടമാണ്. അവന്റെ ആഗ്രഹം പ്രേക്ഷകരുടെ കൈയടി കിട്ടി ആ പടം കാണുന്നവന്റെ സന്തോഷമായിരിക്കും. അങ്ങനെ മമ്മൂക്കയുടെ ഒരു പിൻബലത്തിലാണ് ഈ സിനിമ തിയേറ്ററിലെത്തിയത്' - അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ ഇടപെടലിലാണ് ഈ സിനിമയ്ക്ക് സെക്കൻഡ് ഷോ കിട്ടിയത്. അതിലെല്ലാം ഉപരി എനിക്ക് മമ്മൂക്ക തന്ന ധൈര്യമാണ് ഈ സിനിമ തിയേറ്ററിലെത്തിച്ചത്. അല്ലെങ്കിൽ ഞാൻ മറിച്ചു ചിന്തിച്ചേനെ. ഈ പുലി കൂടെയുള്ളതു കൊണ്ടാണ് ഞാനീ സിനിമ തിയേറ്ററിലെത്തിക്കാൻ ധൈര്യം കാണിച്ചത്. തിയേറ്ററുകളെ ആരവം കണ്ട് ആവേശം കൊണ്ടുപോയി
ആന്റോ ജോസഫ്

പ്രേക്ഷകർ തിയേറ്ററിലേക്ക് വരുമോ എന്ന ആശങ്കയുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. 'യഥാർത്ഥത്തിൽ ഈ സിനിമ ഉണ്ടായത് മമ്മൂക്ക എന്നു പറയുന്ന വലിയ നടന്റെ മനസ്സു തന്നെയാണ്. കാരണം ഞാൻ കുറേക്കാലമായി മമ്മൂക്കയ്ക്ക് ഒപ്പം സഞ്ചരിക്കുന്നയാളാണ്. ഓരോ പ്രാവശ്യം യാത്ര ചെയ്യുമ്പോഴും പലപല കാര്യങ്ങൾ മമ്മൂക്ക സംസാരിക്കാറുണ്ട്. എന്നും പുതുമുഖ സംവിധായകർക്ക് ഇത്രയധികം അവസരം കൊടുത്ത നടൻ ഇന്ത്യയിലുണ്ടാകില്ല. ജോഫിൻ രണ്ടര മൂന്ന് മണിക്കൂർ എടുത്താണ് കഥ പറഞ്ഞത്. മമ്മൂക്ക സിംഗിൾ ടേക്കിൽ ഒകെ പറയുന്നത് പോലെ നീങ്ങിക്കോളാനാണ് പറഞ്ഞത്. നിർമാതാക്കളെ തീരുമാനിക്കാൻ പറഞ്ഞു. അങ്ങനെ ആ കഥ ഞങ്ങളിലേക്ക് എത്തുകയായിരുന്നു' - ആന്റോ വ്യക്തമാക്കി.

സംസ്ഥാനത്ത് സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണി വരെയായിരുന്നു തിയറ്ററുകൾക്ക് പ്രവർത്തനം അനുവദിച്ചിരുന്നത്. അതിനാൽ ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്പർ ചർച്ചകൾ നടത്തിയിങ്കെലും മാർച്ച് ആദ്യവാരം തന്നെ സർക്കാർ സെക്കന്റ് ഷോക്ക് അനുമതി നൽകിയിരുന്നില്ല. തുടർന്ന് സർക്കാറുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിച്ചത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് പ്രീസ്റ്റിന്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

TAGS :

Next Story