''അവളുടെ വിവാഹം ഇവര്‍ തന്നെ പലതവണ നടത്തിയതല്ലേ...ഇതൊക്കെ പോസിറ്റീവ് ആയേ കാണുന്നുള്ളൂ'' അനുപമയുടെ അമ്മ
ക്രിക്കറ്റ് താരം ബുംറയെയും മലയാളി നടി അനുപമ പരമേശ്വരനെയും പറ്റി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി സുനിതാ പരമേശ്വരന്‍

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് ജസ്പ്രീത് ബുംറ അവധിയെടുത്തത് വിവാഹത്തിനാണെന്നും, വധു മലയാള സിനിമാ താരം അനുപമ പരമേശ്വരനാണെന്നുമുള്ള ഗോസിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതികരണവുമായി അനുപമ പരമേശ്വരന്‍റെ അമ്മ സുനിത പരമേശ്വരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പുറത്തു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ എല്ലാം വെറുതേയാണെന്നും തൽക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും സുനിത പരമേശ്വരന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനോട് ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുനിത പരമേശ്വരന്‍. ഇരുവരും തമ്മിൽ പരിചയമുണ്ട് എന്നത് വാസ്തവമാണ്. അനുപമയുടെ അച്ഛന്‍ വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കൽ ഷൂട്ടിങ്ങിനു പോയപ്പോൾ അതേ ഹോട്ടലിൽതന്നെ ബുമ്രയുണ്ടായിരുന്നു. അങ്ങനെയാണ് അവർ ആദ്യമായി പരിചയപ്പെടുന്നത്.
അനുപമയുടെ കല്യാണം സോഷ്യല്‍ മീഡിയ തന്നെ നേരത്തെ പലതവണ നടത്തിയതല്ലേ എന്നും സുനിത ചോദിച്ചു, പലതവണ അവളുടെ വിവാഹം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞതല്ലേ... അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ ഓരോ പുതിയ കഥ വരും. അങ്ങനെ വരുന്ന കാര്യങ്ങളെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയതുമുതലാണ് ഇത്തരം ഗോസിപ്പുകള്‍ വന്നു തുടങ്ങിയതെന്നും സുനിത പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.
2019ലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ആദ്യം പുറത്തു വരുന്നത്. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചത്. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽക്കൂടുതൽ ഒന്നുമില്ലെന്നും നടി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നു.
Adjust Story Font
16

