ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ പ്രകീർത്തിച്ച് അറബ് മാധ്യമങ്ങൾ
മേഖലയിൽ മതസൗഹാർദവും ഐക്യവും ഊട്ടിയുറപ്പിക്കാൻ മാർപ്പാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്ന് അറബ് മതനേതാക്കളും അഭിപ്രായപ്പെട്ടു

ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദർശനത്തെ പ്രകീർത്തിച്ച് അറബ് മാധ്യമങ്ങൾ. മേഖലയിൽ മതസൗഹാർദവും ഐക്യവും ഊട്ടിയുറപ്പിക്കാൻ മാർപ്പാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്ന് അറബ് മതനേതാക്കളും അഭിപ്രായപ്പെട്ടു. നേരത്തെ യു.എ.ഇയിലും ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. യുദ്ധം വരുത്തിയ കെടുതികളാൽ നരകിക്കുന്ന ഇറാഖി ജനതക്ക് പ്രത്യാശ പകരാൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം വഴിയൊരുമെന്നാണ് അറബ് മാധ്യമങ്ങളും വിവിധ മതനേതാക്കളും വ്യക്തമാക്കുന്നത്.
ശിയ, സുന്നി വിഭാഗം നേതാക്കളുമായുള്ള മാർപാപ്പയുടെ കൂടിക്കാഴ്ചയും പ്രാധാന്യപൂർവമാണ് മിക്ക മാധ്യമങ്ങളും റിപോർട്ട് ചെയ്തത്. ആയത്തുല്ല അൽ സിസ്താനിയുമായി മാർപാപ്പ നടത്തിയ ചർച്ചയും വളരെ പ്രാധാന്യത്തോടെയാണ് അറബ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തത്.
പ്രധാന മുസ്‍ലിം നേതാക്കൾ മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു. പടിഞ്ഞാറും അറബ് ലോകവും തമ്മിലെ അകൽച്ച കുറക്കാനും സമാധാന മാർഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും സന്ദർശനം പാതയൊരുക്കും എന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെയും വിലയിരുത്തൽ.
Adjust Story Font
16

