നിലമ്പൂരിൽ തന്നെ മത്സരിക്കുമെന്നാവർത്തിച്ച് ആര്യാടൻ ഷൗക്കത്ത്
വി.വി പ്രകാശിനെയാണ് ഇത്തവണ നിലമ്പൂരിലെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്

മുതിർന്ന നേതാക്കളുടെ സമവായ ശ്രമങ്ങൾക്കൊടുവിലും നിലമ്പൂരിൽ തന്നെ മത്സരിക്കുമെന്നാവർത്തിച്ചു ആര്യാടൻ ഷൗക്കത്ത് . വി.വി പ്രകാശിനെയാണ് ഇത്തവണ നിലമ്പൂരിലെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത് . സമവായത്തിനായി ഉമ്മൻ ചാണ്ടി ആര്യാടൻ മുഹമ്മദുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടു പോയ കോൺഗ്രസ് കോട്ടയായ നിലമ്പൂർ മണ്ഡലം ഇത്തവണ തിരികെ പിടിക്കാനുറച്ചാണ് യു.ഡി.എഫ് നീക്കങ്ങൾ . 2016 ൽ പി.വി അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്തിന് പകരം മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന . ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തോട് കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നതാണ് തോൽവിക്ക് കാരണമായി നേതൃത്വം വിലയിരുത്തുന്നത് . ഇത്തവണ വിഭാഗീയത ഇല്ലാതാക്കി സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ശ്രമം . ആര്യാടൻ ഷൗക്കത്തിന് പകരം മറ്റൊരാളെ കൊണ്ട് വരുന്നതിൽ മുതിർന്ന നേതാവും ആര്യാടൻ ഷൗക്കത്തിന്‍റെ പിതാവുമായ ആര്യാടൻ മുഹമ്മദുമായി ഉമ്മൻചാണ്ടി ചർച്ച നടത്തിയിരുന്നു . എന്നാൽ ഈ സമവായ ചർച്ചകൾക്കൊടുവിലും നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചനയാണ് ആര്യാടൻ ഷൗക്കത്ത് നൽകുന്നത് .
ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശിനെ സ്ഥാനാര്‍ഥിയാക്കാനാണു നിലവിലെ തീരുമാനം . എന്നാൽ ആര്യാടൻ ഷൗക്കത്തിന്‍റെയും പിതാവ് ആര്യാടൻ മുഹമ്മദിന്‍റെയും എതിർപ്പ് മറികടന്നു മണ്ഡലത്തിൽ വിജയം നേടാനാകില്ലെന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുണ്ട് . സമവായ ശ്രമങ്ങൾ പരാജയപ്പെട്ടാൽ, മറ്റൊരാളെ മണ്ഡലത്തിൽ സമവായ സ്ഥാനാർഥിയാക്കിയേക്കും .
Adjust Story Font
16

