രണ്ട് സീറ്റുവരെ വിട്ടുനൽക്കാമെന്ന് സി.പി.ഐ; ജയിച്ച സീറ്റുകൾ വേണമെന്ന് ജോസ് കെ. മാണി
കേരള കോൺഗ്രസ് എമ്മും, എൽ.ജെ.ഡിയും മുന്നണിയിലേക്ക് വന്ന പശ്ചാത്തലത്തിൽ സി.പി.ഐ മൂന്ന് സീറ്റുകൾ വിട്ട് നൽകണമെന്ന നിലപാടിലാണ് സി.പി.എം

പുതിയ ഘടക കക്ഷികൾക്ക് നൽകാൻ കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് സി.പി.ഐയോട് സി.പി.എം. രണ്ടുസീറ്റുകള്‍ വീട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ച സി.പി.ഐ കോട്ടയത്തെ ചങ്ങനാശ്ശേരി പകരം ചോദിക്കുന്നുണ്ട്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് ജയിച്ച സീറ്റുകൾ വേണമെന്ന നിലപാടിലാണ് ജോസ് കെ. മാണി.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 27 സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചത്. കേരള കോൺഗ്രസ് എമ്മും, എൽ.ജെ.ഡിയും മുന്നണിയിലേക്ക് വന്ന പശ്ചാത്തലത്തിൽ സി.പി.ഐ മൂന്ന് സീറ്റുകൾ വിട്ട് നൽകണമെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍ രണ്ടു സീറ്റുകള്‍ വിട്ടു നല്‍കാനേ ഇതുവരെ സി.പി.ഐ സന്നദ്ധത അറിയിച്ചിട്ടുള്ളൂ. ഒരു സീറ്റിനു വേണ്ടി സി.പി.ഐ പിടിവാശി കാട്ടില്ലെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്.
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയും കണ്ണൂരില്‍ ഇരിക്കൂറും സി.പി.ഐ കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാൻ തയ്യാറാണ്. ഇന്നലത്തെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശ്ശേരി കിട്ടണം. ഇല്ലെങ്കില്‍ കോട്ടയത്ത് പാര്‍ട്ടിയുടെ പ്രാതിനിധ്യം വൈക്കത്ത് മാത്രമായി ഒതുങ്ങും. ഇതിനോട് നേതൃത്വത്തിന് യോജിപ്പില്ല. കണ്ണൂരില്‍ ഇരിക്കൂറിനു പകരം സീറ്റിനായി സി.പി.ഐ നിര്‍ബന്ധം പിടിക്കില്ല. മലപ്പുറത്ത് ഏറനാടും വിട്ടുനല്‍കാന്‍ തയ്യാറാകും.
ഇന്നു ആരംഭിക്കുന്ന സി.പി.ഐ ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും. ഒമ്പതിനു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. 15 സീറ്റ് ആവശ്യപ്പെടുന്നെങ്കിലും 12 സീറ്റ് വരെ ലഭിച്ചാല്‍ കേരളാ കോണ്‍ഗ്രസ് എം തൃപ്തരായേക്കും. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാനാകില്ലെന്നും ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ സീറ്റ് വേണമന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി.
സി.പി.ഐയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും നോട്ടമിട്ട ചങ്ങനാശ്ശേരി കേരളാ കോണ്‍ഗ്രസ് എമ്മും ആവശ്യപ്പെടുന്നുണ്ട്. ഇതാണ് ഇപ്പോള്‍ മുന്നണിയിലെ പ്രധാന പ്രതിസന്ധിക്കു കാരണം. എറണാകുളത്ത് സി.പി.എം മത്സരിക്കുന്ന പെരുമ്പാവൂര്‍, സി.പി.ഐയുടെ മൂവാറ്റുപുഴ, തൃശൂരില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കോഴിക്കോട് തിരുവമ്പാടി, പേരാമ്പ്ര എന്നീ സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
Adjust Story Font
16

