ഇന്ത്യയുടെ അത്ലറ്റിക്സ് ടീം പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യൻ ഗ്രാൻഡ്പ്രിക്സ് 3 മീറ്റ് നടക്കുന്നതിനിടെയാണ് പരിശീലകന്‍റെ വിയോഗം.

ഇന്ത്യൻ അത്ലറ്റിക്സ് പരിശീലകൻ നിക്കോള സ്നിസരേവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബെലാറസിൽ നിന്നുള്ള പരിശീലകനായ സ്നിസരേവിനെ പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ത്യയുടെ മധ്യ-ദീർഘദൂര ഇനങ്ങളുടെ പരിശീലകനായി നിക്കോളയെ അടുത്തിടെയാണ് നിയമിച്ചത്.
ഇന്ത്യൻ ഗ്രാൻഡ്പ്രിക്സ് 3 മീറ്റ് നടക്കുന്നതിനിടെയാണ് പരിശീലകന്‍റെ വിയോഗം. മീറ്റിന് സ്നിസരേവ് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയില്‍ നിക്കോളയെ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.
Adjust Story Font
16

