Quantcast

തിരികെ വരുമോ മാരുതിയുടെ ഡീസൽ യുഗം ? മറുപടിയുമായി കമ്പനി

നിലവിലെ സാഹചര്യത്തിൽ 17 ശതമാനത്തിൽ താഴെയാണ് പാസഞ്ചർ വാഹനങ്ങളിൽ ഡീസൽ വാഹനങ്ങളുടെ വിഹിതം.

MediaOne Logo

Web Desk

  • Published:

    22 Nov 2021 2:16 PM GMT

തിരികെ വരുമോ മാരുതിയുടെ ഡീസൽ യുഗം ? മറുപടിയുമായി കമ്പനി
X

വർഷങ്ങളായി ഇന്ത്യൻ വാഹനപ്രേമികളുടെ ചോദ്യമാണ് മാരുതി സുസുക്കി എപ്പോഴാണ് ഡീസൽ എഞ്ചിനുകളിലേക്ക് തിരികെവരിക എന്നത്. ബിഎസ് 6 എമിഷൻ നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ ഒന്നു മുതലാണ് മാരുതി അവരുടെ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയത്. ഡീസൽ എഞ്ചിനുകൾ ബിഎസ് 6 ലേക്ക് മാറ്റുന്നതിനുള്ള ചെലവ് കണക്കിലെടുത്താണ് മാരുതിയടക്കം അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

പുതിയ സാഹചര്യത്തിൽ ഡീസൽ എഞ്ചിൻ തിരിച്ചുകൊണ്ടുവരുമോ എന്ന കാര്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാരുതി സുസുക്കി ചീഫ് ടെക്‌നിക്കൽ ഓഫീസർ സി.വി രാമൻ.

ഡീസൽ എഞ്ചിനിലേക്ക് ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരവില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ 17 ശതമാനത്തിൽ താഴെ മാത്രമാണ് പാസഞ്ചർ വാഹനങ്ങളിൽ ഡീസൽ വാഹനങ്ങളുടെ വിഹിതം. 2013-14 കാലത്ത് 60 ശതമാനമുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ ഈ അവസ്ഥയിലെത്തിയിരിക്കുന്നത്.

'' 2023 ൽ പുതിയ എമിഷൻ വ്യവസ്ഥകൾ വരുമ്പോൾ ഡീസൽ കാറുകളുടെ ഉത്പാദനച്ചെലവ് ഇനിയും കൂടും. കൂടാതെ ഡീസൽ വാഹനങ്ങളുടെ വിപണി വിഹിതവും കുറയും. അതുകൊണ്ട് തന്നെ മാരുതിക്ക് തത്കാലം ഡീസൽ വിപണിയിലേക്ക് വരാൻ താത്പര്യമില്ല'' -അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉപഭോക്താക്കളുടെ ആവശ്യം വർധിച്ചാൽ തങ്ങൾ അതിനെകുറിച്ച് പഠിച്ച ശേഷം ഡീസൽ എഞ്ചിൻ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന സൂചനയും അദ്ദേഹം പിടിഐയോട് പങ്കുവെച്ചു.

ഡീസൽ എഞ്ചിൻ നിർമിക്കുന്നതിന് പകരം നിലവിലെ പെട്രോൾ എഞ്ചിനുകളുടെ ഇന്ധനക്ഷമത കൂട്ടാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സെലേറിയോയിൽ അവതരിപ്പിച്ച കെ-10സി എഞ്ചിൻ അതിന്റെ ഉദാഹരണമാണ്.- മാരുതി വ്യക്തമാക്കി.

Summary: CV Raman, Chief Technical Officer, Maruti Suzuki, has come out with a response on whether the diesel engine will be brought back under the new circumstances.

TAGS :

Next Story