Quantcast

ഞെട്ടിപ്പിക്കുന്ന മൈലേജ്, അമ്പരിപ്പിക്കുന്ന വില- പുതിയ എർട്ടിഗ ഫേസ്‌ലിഫ്റ്റ് വിപണിയിൽ

നാല് എയർബാഗുകളും എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റവും ഹിൽഹോൾഡ് അസിസ്റ്റും ഇഎസ്പിയും ഐസോഫിക്‌സ് മൗണ്ടുകളും, പാർക്കിങ് ക്യാമറകളും നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    16 April 2022 12:51 PM GMT

ഞെട്ടിപ്പിക്കുന്ന മൈലേജ്, അമ്പരിപ്പിക്കുന്ന വില- പുതിയ എർട്ടിഗ ഫേസ്‌ലിഫ്റ്റ് വിപണിയിൽ
X

2021 ൽ മറ്റു വാഹന നിർമാതാക്കളെല്ലാം പുതിയ മോഡലുകൾ ഇറക്കുമ്പോഴെല്ലാം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്ന മാരുതി സെലേറിയോ ഒഴിച്ചു നിർത്തിയാൽ കാര്യമായി പുതിയ മോഡലുകളൊന്നും ഇറക്കാതെ ' ഇതിൽ നമ്മളില്ല ' എന്ന് പറഞ്ഞു മാറിനിൽക്കുകയായിരുന്നു.

പക്ഷേ 2022 ൽ കഥ മാറി, ആദ്യം ബലേനോയുടെ ഫേസ് ലിഫ്റ്റ്, ഇപ്പോഴിതാ എംപിവി മേഖലയിലെ അവരുടെ സ്വന്തം ചുണക്കുട്ടൻ എർട്ടിഗക്കും ഫേസ്‌ലിഫ്റ്റ് മോഡൽ പുറത്തിറങ്ങിയിരിക്കുകയാണ് മാരുതി സുസുക്കി.

പുറത്തുനിന്ന് നോക്കിയാൽ ഒറ്റ നോട്ടത്തിൽ കോസ്മറ്റിക്ക് മാറ്റങ്ങളൊന്നും കാര്യമായി കാണാൻ സാധിക്കില്ലെങ്കിലും എഞ്ചിനിലും ഗിയർ ബോക്‌സിലും ഇന്റീരിയറിലും വലിയ മാറ്റങ്ങളാണ് മാരുതി പുതിയ എർട്ടിഗയിൽ കൊണ്ടുവന്നിരിക്കുന്നത്.

വാഹനത്തിന്റെ ഡിസൈനിലേക്ക് വന്നാൽ മുന്നിലെ ഗ്രില്ലിലാണ് ആദ്യമാറ്റം വന്നിരിക്കുന്നത്. ' വിങ്ഡ്' ഡിസൈനാണ് ഗ്രില്ലിന് നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വന്നാൽ ഇരട്ട നിറത്തിലുള്ള അലോയ് ഡിസൈനാണ് നൽകിയിരിക്കുന്നത്. പിറകിൽ ടെയിൽ ഗേറ്റിൽ ക്രോം ഗാർനിഷും നൽകിയിട്ടുണ്ട്. പുതിയ രണ്ട് നിറങ്ങളിലും ഇനി എർട്ടിഗ ലഭിക്കും. ' സ്‌പെളൻഡിഡ് സിൽവർ, ഡിഗ്നിറ്റി ബ്രൗൺ '- എന്നിവയാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട നിറങ്ങൾ.

വാഹനത്തിന് അകത്തേക് വന്നാലും കളർ തീമിൽ മാറ്റം വന്നിട്ടുണ്ട് പുതിയ ടീക്ക് വുഡൻ ഫിനിഷും സീറ്റിന് ഇരട്ടനിറവും നൽകിയിട്ടുണ്ട്. ടോപ് വേരിയന്റായ സെഡ്എക്‌സ്‌ഐ പ്ലസിൽ പുതിയ ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് പ്ലേ സ്റ്റുഡിയോ പ്രോ സവിശേഷതയോട് കൂടിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും നൽകിയിട്ടുണ്ട്. പുതിയ ബലേനോയിൽ ഉപയോഗിച്ചതിന് സമാനമാണിത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്ക്ക് പുറമേ വോയിസ് അസ്റ്റിന്റോട് കൂടിയ മാരുതിയുടെ സുസക്കി കണക്റ്റ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 40 കണക്റ്റിവിറ്റി ഫീച്ചറുകൾ ഇതുവഴി ഉപയോഗിക്കാമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് എയർബാഗുകളും എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റവും ഹിൽഹോൾഡ് അസിസ്റ്റും ഇഎസ്പിയും ഐസോഫിക്‌സ് മൗണ്ടുകളും, പാർക്കിങ് ക്യാമറകളും നൽകിയിട്ടുണ്ട്. കൂടാതെ ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ് ലാമ്പ്‌സ്, എയർ കൂൾഡ് കപ്പ് ഹോൾഡർ, ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവും ഏഴ് സീറ്റുള്ള ഈ മോഡലിന് മൂന്നാം നിരയിലും എസി വെന്റുകളും നൽകിയിട്ടുണ്ട്. അങ്ങനെ ഫീച്ചറുകളുടെ ധാരാളിത്തവുമായി തന്നെയാണ് പുതിയ എർട്ടിഗ പുറത്തിറങ്ങിയിരിക്കുന്നത്.

പുതിയ എർട്ടിഗയിൽ ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത് എഞ്ചിനിലും ഗിയർബോക്‌സിലുമാണ്. പുതിയ 1.5 ലിറ്റർ ഡ്യൂവൽ ജെറ്റ് 4 സിലിണ്ടർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് ഇനി എർട്ടിഗക്ക് കരുത്ത് പകരുക. ആദ്യമായാണ് 1.5 ലിറ്റർ എഞ്ചിനിൽ മാരുതി ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യ നൽകുന്നത്.

ഓരോ സിലിണ്ടറിനും രണ്ട് ഇഞ്ചക്ടറുകളുണ്ടായത് കൊണ്ട് തന്നെ കുറഞ്ഞ ഇന്ധന ഉപയോഗത്തിൽ കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. 103 എച്ച്പി എന്ന മാക്‌സിമം പവർ ലഭിക്കുന്നത് 6000 ആർപിഎമ്മിലാണ്. മാക്‌സിമം ടോർക്കായ 136.8 എൻഎം ലഭിക്കുന്ന 4400 ആർപിഎമ്മിലാണ്. പഴയ എഞ്ചിനേക്കാളും 2 എച്ച്പി കുറവാണ് പവർ. 1.2 എൻഎം ടോർക്കും കുറവാണ്.

ഇനി മാറ്റം വന്നിരിക്കുന്നത് ഗിയർ ബോക്‌സിലാണ്. നിലവിലെ 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സ് അതേപടി തുടരുമെങ്കിലും നേരത്തെയുണ്ടായിരുന്ന 4 സ്പീഡ് ടോർക്ക് കൺവേർട്ടറിന് പകരം 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കായിരിക്കും പുതിയ മോഡലിലുണ്ടാകുക. ഉപഭോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഈ മാറ്റം. പാഡിൽ ഷിഫ്‌റ്റേർസും പുതിയ മോഡലിന് നൽകിയിട്ടുണ്ട്.

ഞെട്ടിക്കുന്ന ഇന്ധനക്ഷമതയാണ് മാരുതി പുതിയ എർട്ടിഗയിൽ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ ഗിയർബോക്‌സിന് ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക്ക് മോഡലിന് 20.30 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഒരു ഏഴ് സീറ്റർ മോഡലിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഇന്ധനക്ഷമതയാണ്. ഇതോടൊപ്പം തന്നെ സിഎൻജി മോഡലും മാരുതി പുറത്തിറക്കിയിട്ടുണ്ട്.

വിലയുടെ കാര്യത്തിലും മാരുതി അത്ഭുതം തന്നെയാണ് ഒരുക്കിവച്ചിരിക്കുന്നത്. 8.35 ലക്ഷത്തിനാണ് എർട്ടിഗയുടെ ബേസ് വേരിയന്റായ Lxi യുടെ വില ആരംഭിക്കുന്നത്. ബാക്കി വേരിയന്റുകളുടെ വില ഇങ്ങനെ.. 9.49 ലക്ഷം (VXi MT), 10.99 ലക്ഷം (VXi AT), 10.44 ലക്ഷം (VXi CNG MT ), 10.59 ലക്ഷം (ZXi MT), 12.09 ലക്ഷം (ZXi AT ), 11.54 ലക്ഷം (ZXi CNG MT ), 11.29 ലക്ഷം (ZXi+ MT), 12.79 ലക്ഷം (ZXi AT), 9.46 ലക്ഷം (Tour M), 10.41 ലക്ഷം (Tour M CNG).

ഇനിയും ആറ് മോഡലുകളാണ് മാരുതിയുടേതായി ഈ വർഷം ഇനി പുറത്തിറങ്ങാനുള്ള പുതിയ മോഡലുകൾ.

Summary: Maruti Suzuki Ertiga facelift launched at Rs 8.35 lakh

TAGS :

Next Story