ടോൾ പ്ലാസകളിൽ ഇനി 'ക്യാഷ് ' ഇല്ല ; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നിർബന്ധം
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം

- Published:
10 April 2026 4:35 PM IST

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോൾ നൽകാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റൽ ടോൾ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 10 മുതൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പുതിയ നിയമപ്രകാരം എല്ലാ ടോൾ ഇടപാടുകളും ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ നടത്താൻ സാധിക്കൂ. പ്രധാനമായും ഫാസ്ടാഗ് വഴിയായിരിക്കണം പണമടയ്‌ക്കേണ്ടത്. ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴിയോ മറ്റ് ഡിജിറ്റൽ മോഡുകൾ വഴിയോ പണമടയ്ക്കാം. എന്നാൽ,സാധാരണ ടോൾ നിരക്കിന്റെ 1.25 മടങ്ങ് തുക ഇവർ നൽകേണ്ടി വരും.
ഡിജിറ്റലായി പണമടയ്ക്കുന്നതിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ടോൾ പാതയിൽ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും. വ്യക്തികൾക്കല്ല, മറിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അംഗീകൃത വാഹനങ്ങൾക്ക് മാത്രമായിരിക്കും ഇനി ഇളവ്. ഇതിനായി പ്രത്യേക 'എക്‌സംപ്റ്റഡ് ഫാസ്റ്റ്ടാഗ്' നിർബന്ധമായും വാങ്ങിയിരിക്കണം. തിരിച്ചറിയൽ രേഖകൾ നേരിട്ട് പരിശോധിച്ച് സമയം കളയുന്ന രീതി ഇതോടെ അവസാനിക്കും.
ദേശീയപാതകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്കായി വാർഷിക പാസുകളും അവതരിപ്പിച്ചിട്ടുണ്ട്. വർഷത്തേക്ക് 3,075 രൂപയാണ് പാസ് നിരക്ക്. സ്വകാര്യ കാറുകൾക്ക് ഒരു വർഷത്തിനുള്ളിൽ 200 തവണ വരെ ടോൾ പ്ലാസകൾ കടന്നുപോകാൻ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർക്ക് ഇത് ഏറെ ലാഭകരമാണ്.
Adjust Story Font
16
