ഇനി മറ്റുള്ളവരൊന്ന് വിറയ്ക്കും ; 35 കിലോമീറ്റർ മൈലേജും പ്രീമിയം ഫീച്ചറുമുള്ള മാരുതിയുടെ തുറുപ്പ് ചീട്ട് മുഖം മിനുക്കി ഒരുങ്ങിയിട്ടുണ്ട്
ഇന്ധനക്ഷമതയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കളെ കൂടി പുതിയ അപ്‌ഡേറ്റിൽ കമ്പനി പരിഗണിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ

- Published:
20 April 2026 5:04 PM IST

മുംബൈ: ഇന്ത്യക്കാരുടെ മനശാസ്ത്രം മാരുതിയോളം അറിയുന്ന മറ്റൊരു കാർ നിർമ്മാതാക്കളുണ്ടോ ? സംശയമാണ്. ഇറക്കിയ വണ്ടികളിൽ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാക്കിയത് മനശാസ്ത്രം അറിഞ്ഞുള്ള കളി തന്നെ. പോക്കറ്റ് അധികം കാലിയാവാതെ മികച്ച മൈലേജ് ഉള്ള ,നല്ല ഫീച്ചേഴ്‌സുള്ള കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റാണ്. ഇത് തന്നെയാണ് മാരുതിയുടേയും വിജയരഹസ്യം. അത്തരത്തിൽ ഇന്ത്യക്കാരുടെ മനസിൽ ഇടം പിടിച്ച മാരുതിയുടെ ഹാച്ച്ബാക്കാണ് ബലേനോ.
വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബലേനോ മുഖം മിനുക്കി വരുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തിന് ശേഷമാണ് ബലേനോയിൽ കാര്യമായൊരു അപ്‌ഡേഷൻ വരുന്നത്. ഫേസ് ലിഫ്റ്റ് ചെയ്ത കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വയർലെസ്സ് ചാർജിംഗ്, ലെതറെറ്റ് സീറ്റുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതുതായി ഫീച്ചർ ലിസ്റ്റിൽ ഇടംപിടിച്ചേക്കും. നിലവിലുള്ള വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 6 എയർബാഗുകൾ എന്നിവ പുതിയ മോഡലിലും തുടരും.
ഇന്ധനക്ഷമതയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കളെ കൂടി പുതിയ അപ്‌ഡേറ്റിൽ കമ്പനി പരിഗണിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സിഎൻജി പതിപ്പും പുതിയ ബലേനോയിൽ ഉണ്ടാവും. സിഎൻജി പതിപ്പിൽ കിലോഗ്രാമിന് 30 മുതൽ 35 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും എന്നാണ് വിലയിരുത്തുന്നത്. കൂടാതെ വാഹനത്തിന്റെ ബൂട്ട് സ്പേസ് വർദ്ധിപ്പിക്കാനായി സിഎൻജി ടാങ്ക് ബോഡിക്ക് അടിയിലായിട്ടായിരിക്കും സ്ഥാപിക്കുക. ഇത് യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാൻ കൂടുതൽ സ്ഥലം നൽകുന്നു.
Adjust Story Font
16
