Quantcast

ഒരു വൈറസ് കാരണം പേര് മാറ്റേണ്ടിവന്ന കാര്‍; പിന്നീട് മത്സരം നടത്തി കണ്ടെത്തിയ പേര് ക്ലിക്കായി, ടാറ്റയുടെ തലവര തന്നെ മാറ്റി

പേര് കാരണം ആളുകള്‍ കാർ വാങ്ങാൻ മടിക്കുമോ എന്നായിരുന്നു പേടി

MediaOne Logo

Web Desk

  • Updated:

    2026-11-14 15:23:44

Published:

14 Nov 2026 8:45 PM IST

story behind tata tiago car name
X

ഒരു വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോൾ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റക്ക് മാറ്റേണ്ടിവന്നത് വിപണിയിലിറക്കാൻ ഒരുക്കിവെച്ചിരുന്ന ഒരു കാറിൻ്റെ പേരാണ്. പേര് കാരണം ആളുകള്‍ കാർ വാങ്ങാൻ മടിക്കുമോ എന്നായിരുന്നു അതിന് കാരണം. ഒടുവില്‍, മത്സരം നടത്തി ജനങ്ങളില്‍ നിന്ന് തന്നെ പുതിയ കാറിന് ഇടാനുള്ള പേര് കണ്ടെത്തുകയും ചെയ്തു. അന്ന് ടാറ്റ കാറിൻ്റെ പേര് മാറ്റാൻ കാരണമായ വൈറസിൻ്റെ പേര് 'സിക' എന്നാണ്. ഇതേ പേരായിരുന്നു ടാറ്റ കാറിന് ഇട്ടിരുന്നത്. പിന്നീട്, മത്സരം നടത്തി കാറിനായി തെരഞ്ഞെടുത്ത പേരാണ് 'ടിയാഗോ'. പാസഞ്ചർ വെഹിക്കിള്‍ വിഭാഗത്തില്‍ ടാറ്റയുടെ തലവര തന്നെ മാറ്റിയ കാറായി ടിയാഗോ.

തങ്ങളുടെ പുതിയ ഹാച്ച്ബാക്കിനെ ആദ്യം സിക (ZICA) എന്ന പേരിൽ 2016ല്‍ വിപണിയിലെത്തിക്കാനായിരുന്നു ടാറ്റയുടെ തീരുമാനം. Zippy Car എന്നതിന്റെ ചുരുക്കപ്പേരായിരുന്നു ഇത്. 2016 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ടാറ്റ മോട്ടോഴ്‌സ് ZICA എന്ന പേരില്‍ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. എന്നാല്‍, സിക്ക വൈറസ് (Zika virus) വ്യാപനം വാർത്തകളിൽ നിറഞ്ഞതോടെ പണി പാളി. വൈറസിനും കാറിനും ഒരേ പേരായി. സിക്ക വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയും വലിയ ആരോഗ്യഭീഷണിയായി മാറുകയും ചെയ്തു. വൈറസിന്റെ പേരുമായി കാറിന്റെ പേരിന് സാമ്യമുള്ളത് അനുചിതമാണെന്ന് തിരിച്ചറിഞ്ഞ ടാറ്റ മോട്ടോഴ്‌സ് പേര് മാറ്റാൻ തീരുമാനിച്ചു.

പുതിയ പേര് കണ്ടെത്താൻ ടാറ്റ മോട്ടോഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. 'ഫന്റാസ്റ്റിക്കോ നെയിം ഹണ്ട്' എന്ന പേരിൽ നടത്തിയ ക്യാംപെയ്നിലൂടെ 37,000ത്തിലേറെ പേരുകളാണ് ലഭിച്ചത്. ഇതിൽനിന്ന് Tiago, Civet, Adore എന്നീ മൂന്ന് പേരുകൾ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. വോട്ട് ചെയ്ത് തീരുമാനിക്കൂ എന്ന് ടാറ്റ കാർ ആരാധകരോട് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ വോട്ടെടുപ്പിൽ Tiago വിജയിച്ചു. 2016 ഫെബ്രുവരി 25ന് ടാറ്റ ഔദ്യോഗികമായി പുതിയ പേര് പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനായിരുന്നു കാറിന്റെ വിപണിപ്രവേശം. ടാറ്റയുടെ പുതിയ IMPACT ഡിസൈൻ രീതി അവതരിപ്പിച്ച ആദ്യ മോഡൽ കൂടിയായിരുന്നു ടിയാഗോ.

സേഫ്റ്റിയാണ് മെയിൻ

അന്നത്തെ ഹാച്ച്ബാക്ക് വിപണിയിൽ മാരുതി സെലേറിയോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 തുടങ്ങിയ മോഡലുകളോടായിരുന്നു ടിയാഗോയുടെ മത്സരം. ആകർഷകമായ ഡിസൈൻ, മികച്ച ഇന്റീരിയർ, പ്രായോഗികമായ സൗകര്യങ്ങൾ, കുറഞ്ഞ വില എന്നിവയിലൂടെ കാർ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. എന്നാല്‍, അതിനേക്കാളുമപ്പുറം സുരക്ഷ എന്ന ഫീച്ചറിന് ടാറ്റ വലിയ പ്രാധാന്യം നല്‍കി. ഇത് ടിയാഗോയുടെ വിജയത്തിൽ നിർണായകമായി.

2020ൽ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാർ റേറ്റിങ് ലഭിച്ചു. കുറഞ്ഞ വിലയിൽ സുരക്ഷിതമായ കാർ എന്നതായിരുന്നു ടാറ്റയുടെ വാഗ്ദാനം. 2017 ജൂലൈയിൽ ഒരു ലക്ഷം ബുക്കിങ് എന്ന നേട്ടം കൈവരിച്ച ടിയാഗോ, 2020 സെപ്റ്റംബറിൽ മൂന്ന് ലക്ഷം യൂണിറ്റുകളുടെ നാഴികക്കല്ലും പിന്നിട്ടു. 2023 ജൂലൈയിൽ അഞ്ച് ലക്ഷം വിൽപ്പനയെന്ന നേട്ടത്തിലെത്തി. 2024 നവംബറോടെ ആറുലക്ഷം യൂണിറ്റുകളും വിറ്റഴിച്ചു. ടാറ്റയുടെ പാസഞ്ചർ വാഹന വിഭാഗത്തിലെ പ്രധാന മോഡലുകളിലൊന്നായി ടിയാഗോ മാറി.

പല തവണ മുഖംമാറി

കാലത്തിനനുസരിച്ച് പലതവണ പുതുക്കിയ ടിയാഗോയ്ക്ക് 2026ൽ കൂടുതൽ സമഗ്രമായ പരിഷ്‌കാരമാണ് ടാറ്റ നൽകിയത്. പുതിയ മുൻഭാഗം, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതിയ 15 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് പുറംമോടിയിലെ പ്രധാന മാറ്റങ്ങൾ. അകത്തളത്തിൽ പുതിയ ഡാഷ്‌ബോർഡ് ഡിസൈനും കൂടുതൽ ആധുനികമായ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഉൾപ്പെടുത്തി.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, കണക്റ്റഡ് കാർ ടെക്നോളജി, ക്രൂസ് കൺട്രോൾ, കൂളഡ് ഗ്ലൗ ബോക്സ്, പിൻനിര എസി വെന്റുകൾ തുടങ്ങിയവയാണ് പുതിയ മോഡലിലെ പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എബിഎസ് വിത്ത് ഇബിഡി, 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും നൽകിയിട്ടുണ്ട്. വേരിയന്റുകൾക്കനുസരിച്ച് ഫീച്ചറുകളിൽ വ്യത്യാസമുണ്ടാകും.

1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് പുതിയ ടിയാഗോയിലും തുടരുന്നത്. 86 എച്ച്പി കരുത്തും 113 എൻഎം ടോർക്കുമാണ് പെട്രോൾ പതിപ്പിന്റെ സവിശേഷത. സിഎൻജി പതിപ്പിൽ 75.5 എച്ച്പി കരുത്തും 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളുമുണ്ട്. ടിയാഗോയുടെ ഇലക്ട്രിക് പതിപ്പായ ടിയാഗോ ഇവിയും വിപണിയിൽ ലഭ്യമാണ്.

TAGS :

Next Story